കൊച്ചി- ഓടുന്ന വാഹനത്തില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി ആശുപത്രി വിട്ടു. മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ യുവതി പോലീസ് അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് പരാതിപ്പെട്ടു. ഫോണ്‍ പോലീസ് പിടിച്ചുവച്ചിരിക്കുകയാണെന്നും ഫോണ്‍ തരാന്‍ പറ്റില്ലെന്നാണ് പറയുന്നതെന്നും യുവതി പറഞ്ഞു. ഫോണ്‍ ചോദിക്കുമ്പോള്‍ പോലീസ് ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിയുകയാണ്. പീഡനത്തിനിരയായ താനാണ് പോലീസ് അന്വേഷണം കൊണ്ട് ബുദ്ധിമുട്ടുന്നതെന്ന് അവര്‍ പറഞ്ഞു.
എന്നാല്‍ യുവതിയുടെ മൊഴികളില്‍ ചില പൊരുത്തക്കേടുകളുണ്ടെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കന്നുണ്ട്. പെണ്‍കുട്ടിക്ക് ലഹരി മരുന്ന് നല്‍കിയോ എന്നതില്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു വ്യക്തമാക്കി.
അതേസമയം, കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പത്കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എറണാകുളത്ത് പ്രതികരിച്ചു. നഗരത്തില്‍ പലയിടങ്ങളിലായി കറങ്ങിയ കാറിലാണ് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായത്. സംഭവം ഉണ്ടായതിന്റെ പിറ്റേന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് അറിയിച്ചപ്പോള്‍ മാത്രമാണ് പോലീസ് കൂട്ടബലാത്സംഗത്തെ കുറിച്ച് അറിയുന്നത്. 24 മണിക്കൂറും നിരീക്ഷണമുണ്ടെന്ന് പോലീസ് പറയുന്ന കൊച്ചിയിലാണ് കൊടുംക്രൂരത അരങ്ങേറിയതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ആഭ്യന്തരവകുപ്പിനും പോലീസിനും കൈ കഴുകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.