മലപ്പുറം- ഖത്തർ ലോകകപ്പിനു മണിക്കൂറുകൾ ശേഷിക്കേ, ജില്ലയിൽ ഫുട്‌ബോൾ ആവേശം അല്ലതല്ലുന്നു. മത്സരങ്ങൾ സംഘടിപ്പിച്ചും റാലികൾ നടത്തിയും കൊടിത്തോരണങ്ങൾ തൂക്കിയും സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ലോകകപ്പിനെ വരവേൽക്കുകയാണ്. നിലമ്പൂരിന്റെ വീഥികളെ ആവേശകടലിലാക്കി ഫുട്‌ബോൾ ആരാധകർ നടത്തിയ റാലി ശ്രദ്ധേയമായി. ലാകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ആരാധകരാണ് ഇഷ്ട രാജ്യങ്ങളുടെ ജഴ്‌സിയണിഞ്ഞ് പതാകകളുമായി റാലിയിൽ അണിനിരന്നത്. ഇരുചക്രവാഹനങ്ങളിലും മറ്റു വാഹനങ്ങളിലുമായാണ് റാലി നഗരവീഥികളെ ആവേശത്തിലാഴ്ത്തി കടന്നുപോയത്. നിലമ്പൂർ നഗരസഭയുടെ കവാടമായ വടപുറത്തു നിന്നാരംഭിച്ച റാലി ചെയർമാൻ മാട്ടുമ്മൽ സലീം ഫ്‌ളാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്‌കറിയ ക്‌നാം
തോപ്പിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.ബഷീർ, നഗരസഭ കൗൺസിലർമാരായ ജംഷീദ്,
റെനീഷ് കുപ്പായി, പി.ഗോപാലകൃഷ്ണൻ, പി.ശബരിശൻ, അഷ്‌റഫ്, മുൻ പ്രീമിയർ താരം
പി.വി ഹംസ തുടങ്ങിയവർ റാലിയിൽ അണിചേർന്നു. അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകരായിരുന്നു റാലിയിൽ ഏറെയും. റാലി ചന്തക്കുന്നിൽ സമാപിച്ചു.
മലപ്പുറം നഗരസഭ സിഡിഎസ് ഒന്നിന്റെ നേതൃത്വത്തിൽ വയോജന സംഗമവും ഷൂട്ടൗട്ട് മത്സരവും നടത്തി. പ്രായത്തിന്റെ അവശതകൾ മറന്നു നൂറോളം പേർ പങ്കെടുത്ത മത്സരം ആവേശകരമായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണൻ മറിയുമ്മ ഷെരീഫ് ഉദ്ഘാടനം ചെയ്തു. നഗരസഭ 26-ാം വാർഡ് കൗൺസിലർ സമദ് ഉലുവാൻ അധ്യക്ഷനായിരുന്നു. ഷൂട്ടൗട്ട് കിക്കോഫ് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ സക്കീർ ഹുസൈൻ നിർവഹിച്ചു. വിജയികൾക്ക് കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഹക്കീം ഉപഹാരം വിതരണം ചെയ്തു. കൗൺസിലർ സുരേഷ്, സിഡിഎസ് ചെയർപേഴ്‌സൺ വി.എ അനൂജദേവി, സിഡിഎസ് അംഗങ്ങളായ എം. നുസ്രത്ത്, സി. പ്രഭ, കെ.പി മായ, സി. സുജാത തുടങ്ങിയവർ പങ്കെടുത്തു.
മഞ്ചേരി എളംങ്കൂർ ചെറാംകുത്ത് ജിഎൽപി സ്‌കൂളിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്നു ലോകകപ്പ് ആരവത്തിന്റെ ഭാഗമായി സ്‌കൂൾ കുട്ടികളുടെ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു. ഇഷ്ടടീമുകളുടെ ഫാൻസുകാർ വിവിധ ടീമുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. നാട്ടുകാരും രക്ഷിതാക്കളും അടങ്ങിയ കാണികളെ ആവേശത്തിലാക്കി ഫൈനലിൽ ബ്രസീൽ ഫാൻസ് ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന ഫാൻസ് ടീം തോൽപ്പിച്ചു. വിജയികൾക്ക് പ്രധാനാധ്യാപകൻ ഷാജിയും പിടിഎ പ്രസിഡന്റ് ഐ. രാജേഷും ഉപഹാരങ്ങൾ നൽകി.
ലോകകപ്പിന്റെ പ്രചരണാർഥം കെഎസ്‌യു മഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബ്രസീലും അർജന്റീനയും തമ്മിലുള്ള മത്സരം കെപിസിസി മെംബർ വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ആവേശം നിറഞ്ഞ മത്സരം മണ്ഡലം കെഎസ്‌യു പ്രസിഡന്റ് നസീബ് യാസീൻ നിയന്ത്രിച്ചു. വിജയികളായ അർജന്റീനക്കുള്ള ട്രോഫി വിശിഷ്ടാതിഥിയായ ഡിസിസി ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹനീഫ മേച്ചേരി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രമ്യ ബി.ശങ്കർ, ആസാദ് തമ്പാനങ്ങാടി, ഷബീർ കുരിക്കൾ, ഇ.കെ അൻഷിദ് എന്നിവർ സംബന്ധിച്ചു.