കണ്ണൂർ- അപൂർവ്വമായ 'ഫ്‌ളോ ഡൈവർട്ടർ' ചികിത്സാ രീതിയിലിലൂടെ തലച്ചോറിൽ അന്യൂറിസം ബാധിച്ച രോഗിയുടെ ജീവൻ ആസ്റ്റർ മിംസിലെ ചികിത്സയിലൂടെ തിരികെ പിടിച്ചു. ആഗോളതലത്തിൽ തന്നെ നൂതനമായ ഈ ചികിത്സാ രീതി ഉത്തര മലബാറിൽ ആദ്യമായി ആസ്റ്റർ മിംസിലാണ് യാഥാർത്ഥ്യമാവുന്നത്. അസാധാരണമായ തലവേദനയുമായി ചികിത്സ തേടിയെത്തിയ നാൽപ്പതുകാരിയിലാണ് ഫ്‌ളോ ഡൈവർട്ടർ ചികിത്സ വിജയകരമായി പൂർത്തീകരിച്ചത്
തലച്ചോറിലെ ധമനിയിലുണ്ടാകുന്ന അസാധാരണമായ വീക്കമാണ് അന്യൂറിസം. അതീവ ഗുരുതരമായ രോഗാവസ്ഥയാണിത്. ഈ വീക്കം പൊട്ടിയാൽ തലച്ചോറിനകത്ത് രക്തസ്രാവമുണ്ടാവുകയും, സ്‌ട്രോക്ക് സംഭവിക്കുകയും മരണം ഉൾപ്പെടെയുള്ള പ്രത്യാഘതങ്ങളിലേക്ക് നയിക്കാനിടയാവുകയും ചെയ്യും. തല തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് സാധാരണ ഗതിയിൽ ഈ അന്യൂറിസം നീക്കം ചെയ്യുക. എന്നാൽ ഈ മേഖലയിലുണ്ടായ ഏറ്റവും നൂതനമായ ചികിത്സാ പുരോഗതിയാണ് ഫ്‌ളോ ഡൈവർട്ട്. തല തുറക്കാതെ തുടയിലെ രക്തക്കുഴലുകൾ വഴി അന്യൂറിസം ബാധിച്ച തലച്ചോറിലെ രക്തക്കുഴലിലേക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത സ്‌റ്റെന്റ് പോലുള്ള ഉപകരണം സ്ഥാപിച്ച് അന്യൂറിസത്തെ അതിജീവിക്കുന്ന രീതിയാണിത്. സാധാരണ ശസ്ത്രക്രിയയിലൂടെ ഈ അന്യൂറിസം നീക്കം ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം ഡോ. ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ ഫ്‌ളോ ഡൈവർട്ടർ ചികിത്സയുടെ സാധ്യതയെ പറ്റി ചിന്തിച്ചത്. ബന്ധുക്കളെ കാര്യങ്ങളുടെ അവസ്ഥ പറഞ്ഞ് മനസ്സിലാക്കി അവരുടെ സമ്മതത്തോടെ രോഗിയെ ഫ്‌ളോ ഡൈവട്ടർ ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.
അന്യൂറിസത്തിന്റെ തീവ്രതയും ബാധിച്ച തലച്ചോറിന്റെ മേഖലയും കൃത്യമായി നിർണ്ണയിക്കാൻ ഡി.എസ്.എ, സിടി സ്‌കാൻ തുടങ്ങിയ ഇമേജിങ്ങ് ടെക്‌നിക്കുകളാണ് സ്വീകരിച്ചത്. ഇതിലൂടെ അന്യൂറിസത്തെ കൃത്യമായി അടയാളപ്പെടുത്തി. തുടർന്ന് കീഹോൾ വഴി തകരാർ സംഭവിച്ച രക്തക്കുഴലിലേക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത സ്‌റ്റെന്റ് പോലുള്ള ഉപകരണം കടത്തിവിട്ട് രക്തക്കുഴലിലെ കുമിളയെ (അന്യൂറിസം) ചുരുക്കുകയും രക്തപ്രവാഹം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. മറ്റ് ചികിത്സാ രീതികളെ അപേക്ഷിച്ച് വലിയ മുറിവില്ല എന്നതും, വേദന കുറവാണെന്നതും, വളരെ വേഗത്തിൽ രോഗശാന്തിയും കുറഞ്ഞ ആശുപത്രിവാസം മതിയെന്നതും ഈ രീതിയുടെ നേട്ടങ്ങളാണ്.