കൊച്ചി-കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡല്‍ ബലാത്സംഗം ചെയ്തുവെന്ന വാര്‍ത്ത ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. പല ഡിജെ പാര്‍ട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയായി മാറിയിരിക്കയാണ്. സ്ത്രീ സുരക്ഷ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഡിജെ പാര്‍ട്ടികളില്‍ പോലീസിന് ശ്രദ്ധ വേണമെന്നും നഗരങ്ങളിലെല്ലാം സിസിടിവി ഉറപ്പാക്കണമെന്നും പി.സതീദേവി പറഞ്ഞു
സംഭവ സമയത്ത് മോഡല്‍ മദ്യപിച്ചിരുന്നു. മദ്യപിക്കാന്‍ പുരുഷനും സ്ത്രീക്കുമൊക്കെ അവകാശമുണ്ടെന്ന് ന്യായീകരണം ഉണ്ടാകാം. പക്ഷെ മദ്യപാന ആസക്തി ഏത് തരത്തിലാണ് നമ്മുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നത് എന്നുള്ളതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും അവര്‍ പറഞ്ഞു.
അതിനിടെ, കൊച്ചിയില്‍ കാറില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ തന്നെ ബാറില്‍ കൊണ്ടുപോയത് സുഹൃത്ത് ഡിംപിളാണെന്ന് പീഡനത്തിനിരയായ യുവതി മൊഴി നല്‍കി. ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു. അവശയായ തന്നോട് സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ ഡിംപിളാണ് പറഞ്ഞത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ വെച്ച് മൂവരും പീഡിപ്പിച്ചതായും പ്രതികളെ കണ്ടാല്‍ അറിയാമെന്നും യുവതി മൊഴി നല്‍കി.
കസ്റ്റഡിയിലെടുത്ത നാലു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ശേഖരിച്ചതായും അറസ്റ്റിലായ യുവതി രാജസ്ഥാന്‍ സ്വദേശിയാണെന്നും കമ്മീഷണര്‍ പറഞ്ഞു. ഡിജെ പാര്‍ട്ടിക്കെന്ന വ്യാജേന ബാറിലെത്തിക്കുകയും അവിടെ വെച്ച് മദ്യപിച്ച ശേഷം അവശയായ തന്നെ നഗരത്തിലൂടെ കാറില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് മോഡലിന്റെ പരാതിയെന്നും കമ്മീഷണര്‍ പറഞ്ഞു. പ്രതികളും ഇരയും സുഹൃത്തുക്കളാണോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്താണ് സംഭവമറിഞ്ഞ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് യുവതിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു ചെറുപ്പക്കാരാണ് ബലാത്സംഗത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്.