മാനന്തവാടി-കർണാടകയിൽനിന്നു കടത്തുന്നതിനിടെ നവംബർ നാലിനു പുലർച്ചെ കാട്ടിക്കുളം പോലീസ് ചെക്പോസ്റ്റിൽ 106 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം തിരൂരങ്ങാടി ചാത്തേരി യാസിർ എന്ന ജുനൈസിനെയാണ്(24) തിരുനെല്ലി പോലീസ് ഇൻസ്‌പെക്ടർ പി.എൽ.ഷൈജുവും സംഘവും ബംഗളൂരു സുൽത്താൻപേട്ടിൽനിന്നു അറസ്റ്റുചെയ്തത്. കേസിൽ നേരത്തേ മലപ്പുറം പെരുമണ്ണ കുറ്റിപ്പാള പറമ്പിൽപീടിക ചീരംകുളങ്ങര സി.കെ. മുഹമ്മദ് ഉനൈസ്(31), വെണ്ണിയൂർ നല്ലൂർ മുഹമ്മദ് ഫാരിസ് (27), വെണ്ണിയൂർ നെച്ചിങ്കൽ എൻ.ഹഫ്സീർ (25) എന്നിവർ അറസ്റ്റിലായിരുന്നു. റിമാൻഡിലായിരുന്ന ഇവരിൽ മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഹഫസിർ എന്നിവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് യാസിറിനെക്കുറിച്ചു വിവരം ലഭിച്ചത്. ഇയാളുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ മയക്കുമരുന്നു നിറയ്ക്കാനുള്ള പാക്കറ്റുകളും മറ്റും കണ്ടെടുത്തു. ബംഗളൂരുവിലെ കച്ചവട സ്ഥാപനത്തിന്റെ മറവിലാണ് പ്രതികൾ മയക്കുമരുന്നു ഇടപാട് നടത്തിയിരുന്നത്.