പാലക്കാട്- വടക്കഞ്ചേരി ബസ് അപകടത്തിന് ടൂറിസ്റ്റ് ബസിന്റെ അമിത വേഗതക്കൊപ്പം കെഎസ്ആര്‍ടിസിയുടെ പിഴവും കാരണമായെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. അപകടത്തിന് തൊട്ടുമുമ്പ് കെഎസ്ആര്‍ടിസി വേഗത കുറച്ച് യാത്രക്കാരനെ ഇറക്കിയതായി കണ്ടെത്തല്‍. ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും തന്നെയാണ് വടക്കഞ്ചേരി അപകടത്തിന്റെ പ്രധാന കാരണമായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
തൊട്ടുമുന്നില്‍ പോകുന്ന വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം ടൂറിസ്റ്റ് ബസ് പാലിക്കാത്തതും അപകടത്തിന് കാരണമായി. അതേസമയം പന്നിയങ്കര ടോള്‍ പ്ലാസയില്‍ നിന്ന് ടൂറിസ്റ്റ് ബസിനേക്കാള്‍ മൂന്ന് മിനിറ്റ് മുമ്പേ കെഎസ്ആര്‍ടിസി ബസ് കടന്നുപോയിട്ടുണ്ട്. അതായത് ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും ഏറെ അകലത്തിലാണ് ഓടിക്കൊണ്ടിരുന്നത്. എന്നാല്‍ അപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് കെഎസ്ആര്‍ടിസി വേഗത കുറച്ച് യാത്രക്കാരനെ ഇറക്കിവിട്ട ശേഷം മുന്നോട്ടെടുക്കുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ വേഗത 10 കിലോമീറ്ററില്‍ താഴെ മാത്രമായിരുന്നു. ഈ സമയം 97.72 കിലോമീറ്റര്‍ വേഗതയില്‍ എത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു.