മലപ്പുറം - വിവാഹ വീടുകളിൽ മോഷണം കലയാക്കി അത്യാഡംബര ജീവിതം നയിക്കുന്ന താനാളൂർ സ്വദേശി ഷാജഹാൻ എന്ന 'മണവാളൻ' ഷാജഹാൻ (57) പോലീസ് പിടിയിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ 'മണവാളൻ' ഷാജഹാനെ ആന്ധ്രാപ്രദേശിലെ നല്ലചെരുവിലെ ഒളിസങ്കേതത്തിൽ നിന്നാണ് പോലീസ് പൊക്കിയത്.
കഴിഞ്ഞ ശനിയാഴ്ച കൽപ്പകഞ്ചേരിയിലെ കല്യാണവീട്ടിൽ നിന്ന് എട്ടുലക്ഷം രൂപയും 20 പവൻ സ്വർണ്ണാഭരണവും കവർന്ന് മുങ്ങിയതാണ് പ്രതി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 50-ലധികം മോഷണക്കേസുകളിൽ പ്രതിയാണ് ഷാജഹാൻ. ഒക്ടോബർ പത്തിന് കോയമ്പത്തൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയതാണ് പ്രതി.
മോഷണ മുതൽ ഉപയോഗിച്ച് രാജ്യം മുഴുവൻ സഞ്ചരിച്ച് ആഡംബര ജീവിതം നയിക്കുകയാണ് മണവാളൻ ഷാജഹാന്റെ രീതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൈയിലെ പണം തീർന്നാൽ വീണ്ടും കേരളത്തിലെത്തി മോഷണം നടത്തി, ഇതര സംസ്ഥാനങ്ങളിലേക്കുതന്നെ മടങ്ങി ഒളിവിൽ കഴിയുകയാണ് രീതി. ഇയാൾക്ക് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഒളിസങ്കേതങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതി അത്ര നിസ്സാരക്കാരനല്ലെന്നും വിവാഹവീടുകളും മറ്റും മണത്തറിഞ്ഞ് മോഷണം നടത്തുന്നതിൽ പ്രത്യേക വൈദഗ്ധ്യമാണ് പ്രകടിപ്പിക്കുന്നതെന്നും പോലീസ് പറയുന്നു.