Sorry, you need to enable JavaScript to visit this website.

നിയമന വിവാദങ്ങളിൽ കടുത്ത അതൃപ്തി; നടപടി തണുപ്പിച്ചു മതിയെന്ന് സി.പി.എം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം - തിരുവനന്തപുരത്തെ കത്ത് വിവാദങ്ങളിലും സർവകലാശാല നിയമന വിവാദങ്ങളിലും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ കടുത്ത ചർച്ച. വിവാദങ്ങൾക്കിടയാക്കിയ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ച് പാർട്ടിക്കുണ്ടായ അവമതിപ്പ് ഇല്ലാതാക്കാൻ ജാഗ്രത്തായ ഇടപെടൽ നടത്താൻ യോഗം തീരുമാനിച്ചു. ഒപ്പം ഭാവിയിൽ ഇത്തരം വിവാദങ്ങളിൽ ചെന്നു ചാടാതിരിക്കാനുള്ള ദീർഘവീക്ഷണവും സൂക്ഷ്മതയും പാർട്ടി സഖാക്കൾക്കുണ്ടാവണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. 
  സംസ്ഥാനത്താകെ ചർച്ചയായി മാറിയ തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ കത്ത് വിവാദം പാർട്ടിക്കു ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലാണ് പൊതുവെ ഉണ്ടായത്. തിരുവനനന്തപുരം മേയർ ആര്യാ രജേന്ദ്രൻ, പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ, സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുൾപ്പെട്ട കത്ത് വിവാദങ്ങളിൽ നേതൃത്വം കാര്യമായ അതൃപ്തി അറിയിച്ചു. നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഗൗരവമായി പരിശോധിക്കണമെന്ന് യോഗം നിർദേശിച്ചു. നിലവിലെ വിവാദങ്ങളെല്ലാം തണുത്ത ശേഷമാകും പാർട്ടി പരിശോധന. ഇത്തരം കാര്യങ്ങളിൽ ജാഗ്രതക്കുറവ് ഒട്ടും ഉണ്ടാകരുതെന്നും സെക്രട്ടേറിയറ്റ് ഓർമിപ്പിച്ചു.
 സർവകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും സമീപകാല കോടതിവിധികളും ഗവർണറുടെ നയസമീപനങ്ങളുമെല്ലാം വിശദമായി യോഗം ചർച്ച ചെയ്തു. കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രഫസർ തസ്തികയിലെ പ്രിയ വർഗീസിന്റെ നിയമനം കൂടി തിരിച്ചടിയായതോടെ പാർട്ടി നിലപാടിനെ ജനങ്ങൾ വളരെ സംശയത്തോടെ നോക്കുന്ന സാഹചര്യമുണ്ടെന്ന് ചിലർ പങ്കുവെച്ചു. അതിനാൽ എടുത്തുചാടി മറുപടി പറയുന്നതിനപ്പുറം കാര്യങ്ങൾ ബോധ്യമാകുംവിധം പക്വതയോടെ കൈകാര്യം ചെയ്യണമെന്ന് അഭിപ്രായമുയർന്നു. 
 നിയമനങ്ങളെല്ലാം പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചെങ്കിലും ഉടനടി വേണ്ടെന്നാണ് ധാരണ. വിവാദങ്ങൾക്കിടയാക്കിയ സാഹചര്യങ്ങളും ഇതിൽ വിഭാഗീയതയുടെ അംശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളും വിശദമായി പരിശോധിക്കും. കടുത്ത അതൃപ്തിക്കിടയിലും പാർട്ടിക്കു പോറലുണ്ടാവാതിരിക്കാൻ വിവാദങ്ങൾ തണുത്തുറഞ്ഞശേഷം മതി കടുത്ത നടപടികളിലേക്കു നീങ്ങാനെന്ന സൂചന നൽകിയാണ് പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗം പിരിഞ്ഞത്.
 

Latest News