കണ്ണൂര്‍ - നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി, അഴീക്കോട് മണ്ഡലത്തില്‍ വിജയിച്ചത് വര്‍ഗീയ കാര്‍ഡ് ഇറക്കിയാണെന്ന് പ്രചാരണം. എം.വി.ആറിന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ എം.വി.നികേഷിനെയാണ് ഷാജി തോല്‍പിച്ചത്. നോട്ടീസുകളുടെ പകര്‍പ്പു സഹിതമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
നികേഷിനെ തോല്‍പിക്കണമെന്ന് ആഹ്വാനം ചെയ്തിറക്കിയ നോട്ടീസിലാണ് വര്‍ഗീയവും മതപരവുമായ നിരവധി പരാമര്‍ശങ്ങളുള്ളത്. അഞ്ചു നേരം നമസ്‌കരിക്കുന്ന ഷാജിയെ വിജയിപ്പിക്കണമെന്നും നികേഷ് കുമാര്‍ അമുസ്‌ലിമാണെന്നും അമുസ്‌ലിംകള്‍ സിറാത്ത് പാലം കടക്കില്ലെന്നും അവര്‍ ചെകുത്താന്‍ന്മാര്‍ക്കൊപ്പം അന്തി ഉറങ്ങേണ്ടവരാണെന്നുമുള്ള ഗുരുതരമായ പരാമര്‍ശങ്ങളാണ് നോട്ടീസിലുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്നും ഇത്തരത്തിലുള്ള നിരവധി നോട്ടീസുകളും ലഘുലേഖകളും പോലീസ് പിടിച്ചെടുത്തിരുന്നു. വളപട്ടണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മനോരമയുടെ വീട്ടില്‍ നിന്നും ചില യു.ഡി.എഫ് പ്രാദേശിക നേതാക്കളുടെ വീടുകളില്‍ നിന്നുമാണ് ലഘുലേഖകളും നോട്ടീസുകളും പിടിച്ചെടുത്തത്. ഇതിന്റെ ഉള്ളടക്കം പോലീസ് വെളിപ്പെടുത്തിയിരുന്നില്ല. ഇത്തരം നോട്ടീസ് പ്രചരിപ്പിച്ചതിനെതിരെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയുമാണ്. ഇതിനിടയിലാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച നോട്ടീസ്, ഹസീബ് എന്നയാള്‍ പുറത്തു വിട്ടത്. ഇത് സമൂഹ മാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയും പ്രതികരണങ്ങളുണ്ടാവുകയുമായിരുന്നു.
വോട്ടഭ്യര്‍ഥനയുടെ ഭാഗമായി യു.ഡി.എഫ് എട്ടു നോട്ടീസുകളാണ് മണ്ഡലത്തില്‍ വിതരണം ചെയ്തത്. വിവിധ സംഘടനകള്‍ തയ്യാറാക്കിയ നോട്ടീസുകളാണിത്. ഇതില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരില്‍ പുറത്തു വന്ന ഒരു നോട്ടീസിലാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ ഏറ്റവും അധികമുള്ളത്. 'ബിസ്മില്ലാഹി റഹ്മാനി റഹിം' എന്ന വാചകം അറബിയില്‍ തലക്കെട്ടാക്കിയാണ് ഈ നോട്ടീസ്. മുസ്‌ലിമായ ഷാജിക്കു വോട്ടു ചെയ്യണമെന്നും അമുസ്‌ലിമായ നികേഷിനെ തോല്‍പിക്കണമെന്നും ആവശ്യപ്പെടുന്ന നോട്ടീസില്‍, ഈ തെരഞ്ഞെടുപ്പ് ജിഹാദാണെന്നും (വിശുദ്ധ യുദ്ധം) മറ്റുമുള്ള നിരവധി പരാമര്‍ശങ്ങളുണ്ട്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളും ശക്തമാണ്. കേരളം ഉറ്റുനോക്കിയ അഴീക്കോട് തെരഞ്ഞെടുപ്പില്‍ നികേഷിനെ ഷാജി രണ്ടായിരത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.