റിയാദ്, മക്ക, ജിദ്ദ, ദമാം ഒഴികെ മുഴുവൻ നഗരങ്ങളിലും
പ്രവിശ്യകളിലും അടുത്ത അധ്യയന വർഷം മുതൽ
റിയാദ് - വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കീഴിൽ വിദ്യാർഥികൾക്കും അധ്യാപികമാർക്കും യാത്രാ സൗകര്യം നൽകുന്ന ബസുകളിലും വാനുകളിലും സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കാനുള്ള കരാറിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും പൊതുഗതാഗത അതോറിറ്റിയും ഒപ്പുവെച്ചു. തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അലി അൽഗഫീസിന്റെയും ഗതാഗത മന്ത്രി ഡോ. നബീൽ അൽആമൂദിയുടെയും സാന്നിധ്യത്തിൽ ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അബ്ദുല്ല അബൂസ്‌നൈനും പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അൽറുമൈഹുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
സ്‌കൂൾ, യൂനിവേഴ്‌സിറ്റി വിദ്യാർഥികൾക്കും അധ്യാപികമാർക്കുമുള്ള ബസുകളിലെയും വാനുകളിലെയും ജോലികൾ സൗദിവൽക്കരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ സേവനം നൽകുന്ന സ്ഥാപനങ്ങളിൽ രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. റിയാദ്, മക്ക, ജിദ്ദ, ദമാം നഗരങ്ങൾ ഒഴികെ സൗദിയിലെ മുഴുവൻ നഗരങ്ങളിലും പ്രവിശ്യകളിലും അടുത്ത അധ്യയന വർഷം മുതൽ സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കും. ഹിജ്‌റ 1441 അധ്യയന വർഷം മുതൽ നിലവിൽവരുന്ന രണ്ടാം ഘട്ടത്തിൽ റിയാദ്, മക്ക, ജിദ്ദ, ദമാം നഗരങ്ങളിൽ സൗദിവൽക്കരണം നടപ്പാക്കും. പുതിയ സൗദിവൽക്കരണ പദ്ധതിയിലൂടെ പന്ത്രണ്ടായിരത്തിലേറെ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നും ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു.
സാമ്പത്തിക വികസനത്തിൽ സൗദി യുവതീയുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങളിൽ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് വിവിധ പദ്ധതികൾ വഴി തൊഴിൽ വിപണി ക്രമീകരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ഡോ. അലി അൽഗഫീസ് പറഞ്ഞു. സ്വകാര്യ മേഖലയിൽ ലഭ്യമായ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് മന്ത്രാലയവും അനുബന്ധ വകുപ്പുകളും ആവശ്യമായ എല്ലാ പിന്തുണകളും നൽകുന്നുണ്ട്.
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ഗതാഗത മന്ത്രാലയവും തമ്മിൽ സൃഷ്ടിപരമായ പങ്കാളിത്തം സ്ഥാപിച്ചതിൽ ആഹ്ലാദമുണ്ടെന്ന് ഗതാഗത മന്ത്രിയും പൊതുഗതാഗത അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. നബീൽ അൽആമൂദി പറഞ്ഞു. സൗദിവൽക്കരണത്തിന് പൊതുഗതാഗത അതോറിറ്റി മുൻഗണന നൽകുന്നു. കര ഗതാഗത മേഖലയിലെ ജോലികളിലേക്ക് സൗദികളെ ആകർഷിക്കൽ പൊതുഗതാഗത അതോറിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് പുറമെ, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ബിനാമി പ്രവണത അവസാനിപ്പിക്കുന്നതിനുമാണ് കര ഗതാഗത മേഖലയിലെ പ്രവർത്തനം ക്രമീകരിക്കുന്നതിലൂടെ ശ്രമിക്കുന്നത്. ഗതാഗത മേഖലയിലെ ജോലികൾ സൗദിവൽക്കരിക്കുന്നതും ഈ മേഖലയിൽ വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതും വിഷൻ 2030 പദ്ധതിക്ക് അനുസൃതമാണെന്നും ഗതാഗത മന്ത്രി പറഞ്ഞു.
മാനവശേഷി വികസന നിധി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽസുദൈരി, സൗദിവൽക്കരണ കാര്യങ്ങൾക്കുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി എൻജിനീയർ ഗാസി അൽശഹ്‌റാനി അടക്കം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെയും പൊതുഗതാഗത അതോറിറ്റിയിലെയും ഗതാഗത മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.