തൊടുപുഴ- സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയതിനെ തുടര്‍ന്ന് വിവാദത്തിലായ എന്‍.ജി.ഒയായ ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ (എച്ച്.ആര്‍.ഡി.എസ്) തൊടുപുഴയിലെ പ്രോജക്ട് ഓഫീസിലടക്കം അഞ്ച് കേന്ദ്രങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. എച്ച്.ആര്‍.ഡി.എസിന്റെ പാലക്കാട് ചന്ദ്രനഗറിലെ ഹെഡ് ഓഫീസ്, കണ്ണൂര്‍ പരിയാരം, കോയമ്പത്തൂര്‍, തൊടുപുഴ, സെക്രട്ടറിയുടെ പാലായിലുള്ള ഫ്‌ളാറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. എച്ച്.ആര്‍.ഡി.എസ് മുന്‍ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായിരുന്ന എസ്. കൃഷ്ണകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജരേഖ ചമച്ചതിന് എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്‍, എച്ച്.ആര്‍ ഡയറക്ടര്‍ ഓഫി ജാനിയ, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോയ് മാത്യു എന്നിവര്‍ക്കെതിരെ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. എച്ച്.ആര്‍.ഡി.എസിന്റെ പല രേഖകളിലും എസ്. കൃഷ്ണകുമാറിന്റെ വ്യാജഒപ്പിട്ടുവെന്നാണ് കേസ്.
ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. രാവിലെ 11.30ന് പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോര്‍ജ്ജ് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തൊടുപുഴയില്‍ പരിശോധന നടത്തിയത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി രേഖകള്‍, കെട്ടിടവുമായി ബന്ധപ്പെട്ട നികുതി അടച്ചത് ഉള്‍പ്പെടെയുള്ള രേഖകള്‍, എച്ച്.ആര്‍.ഡി.എസുമായി ബന്ധപ്പെട്ട കേസുകള്‍ സംബന്ധിച്ച വിവരം, അടുത്ത കാലത്ത് സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും പദ്ധതികളും സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ജീവനക്കാരില്‍ നിന്ന് ശേഖരിച്ചു. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.എം. ദേവദാസാണ് കേസ് അന്വേഷിക്കുന്നത്.