- മൈനസ് 40 ഡിഗ്രിയിൽ ജോലിയെടുക്കുന്ന സൈനികർക്ക് പെൻഷന് പത്തുവർഷം സർവീസ് വേണമെന്നിരിക്കെ, മന്ത്രിമാരുടെ സ്റ്റാഫിന് രണ്ടുവർഷം മതിയെന്നും ഇത്തരം രാഷ്ട്രീയ കൊള്ളകൾ ഇല്ലാതാക്കണമെന്നും ഗവർണർ
കോഴിക്കോട് - ഗവർണർ-സർക്കാർ പോരിനിടെ, കോടതി വിധിയിൽനിന്ന് ലഭിച്ച ആത്മവിശ്വാസവുമായി ജനപ്രിയ ചോദ്യങ്ങളുയർത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണവും അവരുടെ പെൻഷനുമുൾപ്പെടെയുള്ള വിഷയങ്ങൾ നിരത്തിയാണ് ഗവർണർ പ്രശ്‌നത്തെ ദേശീയ തലത്തിലേക്ക് ഉയർത്താൻ ശ്രമിക്കുന്നത്.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് രണ്ടുവർഷം സർവീസുണ്ടെങ്കിൽ പോലും ആജീവനാന്ത പെൻഷൻ ലഭിക്കുമെന്നും ഇത് തട്ടിപ്പാണെന്നുമാണ് ഗവർണറുടെ പക്ഷം. ഇത് നിയമത്തെ കൊഞ്ഞനം കുത്തലാണ്. മൈനസ് 40 ഡിഗ്രിയിൽ സേവനം ചെയ്യുന്ന സൈനികർക്കു പോലും പെൻഷൻ ലഭിക്കാൻ 10 വർഷം കാത്തിരിക്കേണ്ട സ്ഥിതിയുള്ളപ്പോഴാണ് ഈ രാഷ്ട്രീയ കൊള്ള അരങ്ങേറുന്നത്.
യുവാക്കൾ ജോലിതേടി വിദേശത്ത് പോകുന്ന കാലഘട്ടത്തിലാണ് പൊതുപണം ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത്. പാർട്ടി പ്രവർത്തകർക്കാണ് ജീവിതകാലം മുഴുവൻ ഇപ്രകാരം പെൻഷൻ ലഭിക്കുന്നത്. സാധാരണക്കാർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കാൻ എത്രകാലം ജോലി ചെയ്യേണ്ടിവരുമെന്ന ന്യായമായ സംശയവും അദ്ദേഹം ഉയർത്തുന്നു.
ഓരോ മന്ത്രിമാരും 25ഓളം പേരെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കുന്നുണ്ട്. രണ്ട് വർഷത്തിനുശേഷം അവരോട് രാജിവെക്കാൻ നിർദ്ദേശിക്കുന്നു. അങ്ങനെ അവർക്ക് ആജീവനാന്ത പെൻഷന് കളമൊരുക്കുന്നു. ശേഷം പുതിയ ഇഷ്ടക്കാർക്കും പൊതുഖജനാവിലൂടെ പെൻഷന് പാർട്ടി അവസരമൊരുക്കുന്നു. ഇത് നിർത്തലാക്കാൻ തനിക്ക് നിർദേശിക്കാനാകില്ല. എന്നാൽ ഇത് ദേശീയ തലത്തിൽ ചർച്ച ചെയ്യുന്ന വിഷയമായി വരും നാളുകളിൽ ഉയർത്താൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
മുതിർന്ന അഭിഭാഷകരുമായി ഈ വിഷയം സംസാരിച്ചെങ്കിലും ഉപദേശത്തിന് 45 ലക്ഷം നൽകേണ്ടതിനാൽ ആ വഴിക്കു നീങ്ങുന്നില്ലെന്നു പറഞ്ഞ് സർക്കാരിനെ പരിഹസിക്കാനും ഗവർണർ മറന്നില്ല. ഓരോ വിഷയത്തിലും വിദഗ്‌ധോപദേശത്തിന്റെ പേരിൽ സർക്കാർ കോടികൾ പൊടിക്കുമ്പോഴാണ് ഗവർണറുടെ വിമർശമെന്നതും ശ്രദ്ധേയമാണ്. എന്നാൽ കേന്ദ്ര സർക്കാറും അവർ പിന്തുണക്കുന്ന വിവിധ ബി.ജെ.പി സംസ്ഥാന സർക്കാറുകളും ഗവർണറുടെ നീക്കത്തെ എത്ര കണ്ട് പിന്തുണയ്ക്കുമെന്നത് വേറെ കാര്യം.
സർവ്വകലാശാല വി.സി നിയമനങ്ങളുമായി ബന്ധപ്പെട്ട കോടതിവിധികളിൽ സർക്കാറിനുണ്ടായ പ്രഹരം ഗവർണർക്കു പിടിച്ചുനിൽക്കാൻ വക നൽകുന്നുണ്ടെങ്കിലും പല വിധികളും ഗവർണർക്കു കൂടിയുള്ള അടിയാണെന്നതാണ് സത്യം. ഗവർണർ കൂടി ഒപ്പിട്ട് പങ്കാളിയായ നിയമനങ്ങൾക്കെതിരെയാണ് കോടതി വാളോങ്ങിയത്. യു.ജി.സി ചട്ടങ്ങൾ പാലിക്കാതെയുള്ള ഇത്തരം നിയമനങ്ങളിൽ ഗവർണറും സർക്കാറും കൂട്ടുപ്രതിയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തുടക്കം മുതലെയുള്ള ആരോപണങ്ങൾ കൂടുതൽ ശരിവെക്കുന്നതാണ് കോടതി വിധികൾ എന്നതും ശ്രദ്ധേയമാണ്.