കൊൽക്കത്ത - മുൻ ഇന്ത്യൻ ജൂനിയർ ക്യാപ്റ്റൻ ഇശാൻ കിഷന്റെ കിടിലൻ ബാറ്റിംഗ് ഐ.പി.എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ തിരിച്ചുവരവിന് ഊർജം പകർന്നു. 17 പന്തിൽ അർധ ശതകം പിന്നിട്ട ഇശാനും (21 പന്തിൽ 62) ആഞ്ഞുപിടിച്ച ബൗളർമാരും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 102 റൺസിന് തകർക്കാൻ മുംബൈയെ സഹായിച്ചു. വൻ ജയം മുംബൈയുടെ റൺറെയ്റ്റും നന്നായി മെച്ചപ്പെടുത്തി. സ്‌കോർ: മുംബൈ ആറിന് 210, കൊൽക്കത്ത 18.1 ഓവറിൽ 108.
ഓപണർമാരായ സൂര്യകുമാർ യാദവും (32 പന്തിൽ 36) എവിൻ ലൂയിസും (13 പന്തിൽ 18) ക്യാപ്റ്റൻ രോഹിത് ശർമയും (31 പന്തിൽ 36) പിടിച്ചുനിന്നെങ്കിലും മുംബൈ സ്‌കോറിംഗ് വേഗം കണ്ടെത്താൻ പ്രയാസപ്പെടുകയായിരുന്നു. ഒമ്പതോവറിൽ 62 റൺസ് മാത്രമായിരുന്നു സമ്പാദ്യം. എന്നാൽ ഇശാൻ ക്രീസിലെത്തിയതോടെ കഥ മാറി. നേരിട്ട 17 പന്തിൽ ഒമ്പതെണ്ണം സിക്‌സറിനും ബൗണ്ടറിക്കും പായിച്ച് വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ അർധശതകം തികച്ചു. ആറ് സിക്‌സറും അഞ്ച് ബൗണ്ടറിയുമുണ്ടായിരുന്നു ഇശാന്റെ ഇന്നിംഗ്‌സിൽ. ഇശാൻ ക്രീസിലുണ്ടായിരുന്ന 5.4 ഓവറിൽ മുംബൈ ചേർത്തത് 82 റൺസായിരുന്നു. പിയൂഷ് ചൗള എറിഞ്ഞ അവസാന ഓവറിൽ ബെൻ കട്ടിംഗും (9 പന്തിൽ 24) ഉറഞ്ഞുതുള്ളി.
ഈ സീസണിൽ 14 പന്തിൽ ദൽഹി ഡെയർഡെവിൾസിനെതിരെ അർധ ശതകം പിന്നിട്ട കെ.എൽ രാഹുലിന്റെ പേരിലാണ് ഐ.പി.എൽ റെക്കോർഡ്. യുവരാജ് സിംഗും ക്രിസ് ഗയ്‌ലും 12 പന്തിൽ അർധ ശതകം നേടിയതാണ് ലോക റെക്കോർഡ്. ഈ സീസണിൽ ഇശാന്റെ മൂന്നാമത്തെ അർധ ശതകമാണ് ഇത്.
സുനിൽ നരേനെ സ്വീപ് ചെയ്തപ്പോൾ ഡീപ്‌സ്‌ക്വയർലെഗ് ബൗണ്ടറിയിൽ റോബിൻ ഉത്തപ്പ പിടിച്ചാണ് ഇശാൻ പുറത്തായത്. ഇശാനും രോഹിതും 34 പന്തിൽ 82 റൺസ് കൂട്ടുകെട്ടുണ്ടാക്കി. കുൽദീപ് യാദവ് മൂന്നു വിക്കറ്റെടുത്തു.
നന്നായി തുടങ്ങിയ ക്രിസ് ലിൻ (15 പന്തിൽ 21) റണ്ണൗട്ടായതോടെ കൊൽക്കത്തയുടെ ശനിദശ തുടങ്ങി. സുനിൽ നരേനെ (4) മിച്ചൽ മക്‌ലനാഗൻ പുറത്താക്കി. റോബിൻ ഉത്തപ്പ (13 പന്തിൽ 14) രണ്ട് സിക്‌സറുമായി തുടങ്ങിയെങ്കിലും റൺസിനുള്ള വഴിയടഞ്ഞതോടെ മായാങ്ക് മാർഖണ്ഡെക്ക് വിക്കറ്റ് സമ്മാനിച്ചു. അപകടകാരികളായ നിതീഷ് റാണയെയും (19 പന്തിൽ 21) ആന്ദ്രെ റസ്സലിനെയും (2) ഹാർദിക് പാണ്ഡ്യ മടക്കുകയും ക്യാപ്റ്റൻ ദിനേശ് കാർത്തിക് (5) റണ്ണൗട്ടാവുകയും ചെയ്തതോടെ ആതിഥേയർ വൻ പരാജയത്തിലേക്ക് കൂപ്പുകുത്തി. പത്തോവറിൽ ഏഴിന് 76 ആയിരുന്നു കൊൽക്കത്ത സ്‌കോർ. ഹാർദിക്കും (3-0-16-2) ജസ്പ്രീത് ബുംറയും (3-0-17-1) ആറോവറിൽ 33 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.