അബുദാബി- പ്രതിമാസ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 5,60,000 ദിര്‍ഹം തട്ടിയെന്ന് അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ കേസ്. തട്ടിപ്പിനിരയായ യുവതിയാണ് പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്.
100,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടു.
പ്രതി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി തന്നെ പ്രലോഭിപ്പിച്ചെന്നും തനിക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന ലാഭകരമായ ബിസിനസ്സിനെക്കുറിച്ച് അറിയാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും യുവതി ഹരജിയില്‍ പറഞ്ഞു.
പ്രതിയും ഇതേ ബിസിനസില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞതിനാലാണ് വിശ്വസിച്ചതെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5,60,000 ദിര്‍ഹം ട്രാന്‍സ്ഫര്‍ ചെയ്തു.
തന്റെ നിക്ഷേപത്തില്‍ നിന്നുള്ള ലാഭം കിട്ടാന്‍ മാസങ്ങളോളം കാത്തിരുന്നിട്ടും ഫലമുണ്ടായില്ലെന്ന് യുവതി പറഞ്ഞു. ബിസിനസ്സില്‍ പണം നിക്ഷേപിക്കാതെ വഞ്ചിച്ചതാണെന്ന് പിന്നീട് മനസ്സിലായി. പ്രതിക്കെതിരെ താന്‍ നേരത്തെ ക്രിമിനല്‍ പരാതി നല്‍കിയിരുന്നതായും അബുദാബി ക്രിമിനല്‍ കോടതി തട്ടിപ്പിന് ശിക്ഷിച്ചതായും യുവതി പറഞ്ഞു.
തുടര്‍ന്നാണ് പണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യുവതി സിവില്‍ കേസ് ഫയല്‍ ചെയ്തു.
പ്രതി സ്ത്രീയില്‍ നിന്ന് തട്ടിപ്പ് നടത്തിയ 5,60,000 ദിര്‍ഹം തിരികെ നല്‍കാന്‍ ഉത്തരവിട്ടു. ക്രിമിനല്‍ കോടതി നേരത്തെ 21,000 ദിര്‍ഹം താല്‍കാലിക നഷ്ടപരിഹാരം നല്‍കിയതിനാല്‍ നഷ്ടപരിഹാരം വേണമെന്ന് ഹരജിക്കാരിയുടെ വാദം കോടതി തള്ളി. കോടതിച്ചെലവ് പ്രതി നല്‍കണം.