കാസര്‍കോട്- ചിട്ടി നടത്തി എട്ട് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയായ യുവാവിനെ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. ഖത്തര്‍ ലോകകപ്പ് കാണുന്നതിന് ഗള്‍ഫിലേക്ക് കടക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ചാണ് പൊലീസ് തന്ത്രപൂര്‍വം ഇയാളെ അറസ്റ്റ് ചെയ്തത്. ഉദുമ പാലക്കുന്ന് മുതിയക്കാല്‍ കണ്ണോല്‍ ഹൗസിലെ എ.എം നിധീഷ് (32) ആണ് അറസ്റ്റിലായത്. 2019 ല്‍ കാസര്‍കോട് ബാങ്ക് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ചന്ദ്രഗിരി ചിട്ടി കമ്പനി മുന്നൂറോളം നിക്ഷേപകരില്‍ നിന്നായി എട്ടുകോടിയോളം രൂപ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായാണ് പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. കൊളത്തൂര്‍, ചട്ടഞ്ചാല്‍ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരില്‍ കൂടുതല്‍ പേരും. കൂടുതല്‍ ലാഭം വാഗ്ദാനം നല്‍കിയാണ് പലരില്‍ നിന്നും പണം സ്വരൂപിച്ചത്. പിന്നീട് നിക്ഷേപിച്ച തുകയോ ലാഭമോ നല്‍കാതെ വഞ്ചിച്ചുവെന്നായിരുന്നു പരാതി. ചിട്ടിയില്‍ ചേര്‍ന്നവരോട് സ്വര്‍ണ്ണവും ആധാരവും ബാങ്ക് ഗ്യാരണ്ടിയായി എഴുതിവാങ്ങിയതായും പരാതിയുണ്ടായി. മേല്‍പ്പറമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജിത് കുമാര്‍, ദീപേഷ്, ഉണ്ണി കുളങ്ങര, ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നികേഷ്, ശ്രീജിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കരിവേടകം പുളുവഞ്ചിയിലെ ടി.എം രജിയുടെ പരാതിയില്‍ ആണ് പൊലീസ് കേസെടുത്തത്. നാലുപ്രതികളെ പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവര്‍ ഗള്‍ഫില്‍ കഴിയുന്നതായാണ് വിവരം. കാസര്‍കോട് ടൗണ്‍ ഇന്‍സ്പെക്ടര്‍ പി. അജിത് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് നിധീഷ് പിടിയിലായത്.