- വാളയാറിൽ വാഹന പരിശോധനയ്ക്കിടെ ഡിവൈഡർ ഇടിച്ചുതകർത്ത് നിർത്താതെ പോയ സംഘത്തെ എക്സൈസ് സംഘം ഓടിപ്പിടിക്കുകയായിരുന്നു
പാലക്കാട് - കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വ്ളോഗർ വിക്കി തഗ് ഉൾപ്പടെ രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ആലപ്പുഴ മാവേലിക്കര ചുനക്കര ദേശംമംഗലത്ത് വിഘ്നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ് വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കയ്യിൽ നിന്ന് തോക്കും വെട്ടുകത്തികളും മയക്കുമരുന്നുകളും പിടികൂടി. ഇരുവരും വലിയ അളവിൽ ലഹരി ഉപയോഗിച്ചതിനാൽ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.
വാളയാറിൽ വാഹന പരിശോധനയ്ക്കിടെ ഇവർ കാർ നിർത്താതെ പോവുകയായിരുന്നു ഇവർ. വാളയാർ ടോൾ പ്ലാസയിലെ ഡിവൈഡർ ഇടിച്ചു തകർത്താണ് കാർ പോയത്. തുടർന്ന് ഇവരെ പിന്തുടർന്ന എക്സൈസ് സംഘം പാലക്കാട് ചന്ദ്രനഗറിൽ കാർ തടഞ്ഞു. തുടർന്ന് പ്രതികൾ കാറിൽനിന്ന് ഇറങ്ങി ഓടിയെങ്കിലും എക്സൈസ് സംഘം വിടാതെ പിന്തുടർന്ന് കീഴടക്കുകയായിരുന്നു. 40 ഗ്രാം മെത്താംഫെറ്റമിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവ കാറിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. തോക്കിനു ലൈസൻസില്ല. 'വിക്കി തഗ്' എന്ന യൂട്യൂബ് ചാനലിലൂടെ വിഘ്നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരുടെ കൂട്ടാളികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.