ജിദ്ദ- പ്രവാസി സമൂഹത്തിന് മലയാളം ന്യൂസ് നൽകുന്ന സേവനം മികവുറ്റതാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. മലയാളികൾക്കു വേണ്ടി വിദേശ രാജ്യത്തുനിന്ന് ഒരു പൂർണ തോതിലുള്ള പത്രം 19 വർഷം മുൻപ് തുടങ്ങിയെന്നത് മലയാളികൾക്കു ലഭിച്ച നേട്ടമാണ്. ഗൾഫിലെന്ന പോലെ കേരളത്തിലും മലയാളം ന്യൂസിന് ഏറെ പ്രചാരണം ഉണ്ട്. ഓൺലൈനിലൂടെയും ഫേസ്ബുക്ക്, വാട്‌സാപ് സന്ദേശങ്ങളിലൂടെയും മലയാളം ന്യൂസ് വാർത്തകൾ കേരളത്തിലെ വായനക്കാരിലും എത്തുന്നുണ്ടെന്നും ഇത് ഏറെ പ്രശംസനീയമാണെന്നും മലയാളം ന്യൂസ് ഓഫീസ് സന്ദർശിച്ച് എഡിറ്റർ ഇൻ ചീഫ് താരിഖ് മിശ്ഖസുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ അദ്ദേഹം ഒ.ഐ.സി.സി നേതാക്കളോടൊപ്പമാണ് മലയാളം ന്യൂസിലെത്തിയത്.
രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിന് ശാപമായിരിക്കുകയാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. രണ്ടു പാർട്ടികൾ വിചാരിച്ചാൽ നിർത്താവുന്നതേയുള്ളൂ ഈ കൊലപാതകങ്ങൾ. ഭരണത്തിലിരിക്കുന്ന സർക്കാരിന്റെ കക്ഷിയാണ് ഒരു ഭാഗത്തെന്നതാണ് നിർഭാഗ്യകരം. പിണറായി സർക്കാർ അധികാരത്തിൽ വന്ന രണ്ടു വർഷത്തിനു ശേഷം ഇരുപതിലേറെ കൊലപാതകങ്ങളാണ് ഉണ്ടായത്. അതും മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ഏറ്റവും കൂടുതലുണ്ടായത്. ഇതു ദൗർഭാഗ്യകരമാണ്. കേരളത്തിന്റെ യശസ്സിന് ഭംഗം ഉണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. അതിനായുള്ള പരിശ്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വളരെ പ്രതീക്ഷകൾ നൽകി അധികാരത്തിലേറിയ പിണറായി സർക്കാരിന്റെ പ്രകടനം വളരെ മോശമാണ്. എല്ലാ തലത്തിലും അദ്ദേഹം പരാജയമാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. കേരളത്തിൽ ഇടക്കിടെ ഉണ്ടാവുന്ന ഭരണമാറ്റം നല്ലതാണ്. മികച്ച ഭരണം കാഴ്ചവെക്കുന്നതിന് അതു സഹായകമാകും. പക്ഷേ, രാഷ്ട്രീയ വൈരം മറന്ന് പദ്ധതികളുടെയും വികസന പ്രവർത്തനങ്ങളുടെയും തുടർച്ചയായിരിക്കണം ഏതു സർക്കാർ അധികാരത്തിൽവ ന്നാലും നടത്തേണ്ടതെന്ന എഡിറ്റർ ഇൻ ചീഫിന്റെ അഭിപ്രായത്തോട് അദ്ദേഹം യോജിച്ചു.
ബംഗാളിലും ത്രിപുരയിലും ബദൽ സംവിധാനം ഇല്ലാതിരുന്നതുകൊണ്ടാണ് മൂന്നു പതിറ്റാണ്ടിലേറെക്കാലം അവിടങ്ങളിൽ ഭരണത്തിലിരിക്കാൻ സി.പി.എമ്മിനു കഴിഞ്ഞത്. ബദൽ സംവിധാനം വന്നപ്പോൾ ജനങ്ങൾ മാറിച്ചിന്തിക്കുകയും അവർക്കു ഭരണം നഷ്ടമാവുകയുമായിരുന്നു. ഏതു പാർട്ടികൾക്കായാലും ദീർഘകാല ഭരണം ലഭിക്കുന്നത് കെടുകാര്യസ്ഥതയിലേക്കും രാഷ്ട്രീയ വൈരങ്ങളിലേക്കും നയിക്കുമെന്നും ജനങ്ങൾക്ക് അതു പ്രയാസങ്ങളുണ്ടാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതിന്റെ പ്രതിഫലനമാണ് ഇരു സംസ്ഥാനങ്ങളിലും സി.പി.എമ്മിനു നേരിടേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്ങന്നൂരിൽ യു.ഡി.എഫ് വിജയിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ഇപ്പോഴത്തെ സാഹചര്യങ്ങളെല്ലാം യു.ഡി.എഫ് സ്ഥാനാർഥിക്ക് അനുകൂലമാണ്. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ കേന്ദ്ര ഭരണം ബി.ജെ.പിക്ക് നഷ്ടമാകുമെന്നും ജനാധിപത്യ മതേതര കക്ഷികൾ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
റിയാദിലെ സാമൂഹ്യ പ്രവർത്തകനായ ഷിഹാബ് കൊട്ടുക്കാട്, ജിദ്ദ ഒ.ഐ.സി.സി നേതാക്കളായ സാക്കിർ ഹുസൈൻ എടവണ്ണ, അബ്ദുൽ ഷുക്കൂർ, തോമസ് വൈദ്യർ, സലാം പോരുവഴി, ബഷീർ പരുത്തിക്കുന്നൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.