Sorry, you need to enable JavaScript to visit this website.

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ തുടങ്ങി

കൊല്ലം- തെക്കൻ കേരളത്തിലെ ആദ്യത്തെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി കൊല്ലത്ത് ആരംഭിച്ചു. ജില്ലാ കലക്ടർ അഫ്‌സാന പർവീൻ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ആർമി റിക്രൂട്ട്‌മെന്റ് ബംഗളൂരു സോൺ ഡി.ഡി.ജി ബ്രിഗേഡിയർ എ.എസ്. വലിംബെയും തിരുവനന്തപുരം ആർമി റിക്രൂട്ട്‌മെന്റ് ഓഫീസർ കേണൽ മനീഷ് ഭോലയും പങ്കെടുത്തു. 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർഥികൾക്കായി 24 വരെയാണ് അഗ്‌നിവീർ റിക്രൂട്ട്‌മെന്റ് റാലി നടക്കുക. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ റാലിയിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്‌നിവീർ ടെക്‌നിക്കൽ, അഗ്‌നിവീർ ട്രേഡ്‌സ്‌മെൻ പത്താം ക്ലാസ്, എട്ടാം ക്ലാസ്, അഗ്‌നിവീർ ക്ലാർക്ക്/ സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങളിലേക്കാണ് റാലി നടക്കുന്നത്. 
അഗ്‌നിവീർ റാലിയുടെ വിജ്ഞാപനത്തിന് തെക്കൻ കേരളത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. മൊത്തം 25,367 ഉദ്യോഗാർഥികൾ റാലിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കോട്ടയം എറണാകുളം ജില്ലകളിൽ നിന്നുള്ള 1767 ഉദ്യോഗാർഥികളെയാണ് റാലിയുടെ ആദ്യ ദിവസമായ ഇന്ന് റാലിയിൽ പങ്കെടുക്കാൻ അറിയിച്ചിരുന്നത്. ഇവരിൽ 904 ഉദ്യോഗാർഥികൾ റാലിക്കെത്തുകയും 151 പേർ ഇന്നത്തെ ഓട്ടമത്സരം വിജയിക്കുകയും ചെയ്തു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ 1931 സ്ഥാനാർഥികൾ ഇന്ന് റാലിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.19, 20 തീയതികളിൽ ജില്ലയിലെ ഉദ്യോഗാർഥികളും 21, 22 തീയതികളിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാർഥികളും റാലിയിൽ പങ്കെടുക്കും. അഗ്‌നിപഥ് റാലിയുടെ ഫിസിക്കൽ മെഡിക്കൽ ടെസ്റ്റ് നടപടിക്രമങ്ങൾ 24 ന് സമാപിക്കും.  
റാലിയിൽ ഉദ്യോഗാർഥികളുടെ ഉയരമാണ് ആദ്യം പരിശോധിച്ചത്. നിർദിഷ്ട ഉയരമുള്ളവരെ മാത്രമേ റാലിയിൽ തുടരുവാൻ അനുവദിച്ചുള്ളൂ. അഡ്മിറ്റ് കാർഡ് പ്രകാരമുള്ള ഹാജർ നില, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ വേദിക്കുള്ളിൽ എത്തുന്നതിനു മുമ്പ് തന്നെ ഉറപ്പാക്കിയിരുന്നു. ശാരീരിക ക്ഷമത പരിശോധനകൾക്കായി 200 പേർ വീതമുള്ള ബാച്ചുകളിലായാണ് ഇവരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയത്. 
ഫിസിക്കൽ ടെസ്റ്റിന്റെ ആദ്യഭാഗം 5 മിനിറ്റ് 45 സെക്കന്റിനുള്ളിൽ 1.6 കിലോമീറ്റർ ഓടുന്നതായിരുന്നു. 5 മിനിറ്റ് 30 സെക്കന്റിനുള്ളിൽ ഓട്ടം പൂർത്തിയാക്കുന്നവർക്ക് 60 മാർക്കും 5 മിനിറ്റ് 31 സെക്കന്റ് മുതൽ 5 മിനിറ്റ് 45 സെക്കന്റ് വരെയുള്ള സമയ പരിധിയിൽ ഓട്ടം പൂർത്തിയാക്കുന്നവർക്ക് 48 മാർക്കും ലഭിക്കും. തുടർന്ന്, ഉദ്യോഗാർഥികൾ ഒമ്പത് അടി വീതിയുള്ള കുഴി ചാടിക്കടക്കുന്ന ലോംഗ് ജമ്പും സിഗ് സാഗ് ബീമിന് മുകളിലൂടെയുള്ള ബോഡി ബാലൻസിംഗ് ടെസ്റ്റും പൂർത്തിയാക്കണം. ഈ ടെസ്റ്റുകൾക്ക് മാർക്കുണ്ടായിരിക്കുന്നതല്ലെങ്കിലും എല്ലാ ഉദ്യോഗാർഥികളും ഇവയിൽ വിജയിച്ചിരിക്കണം. 
അതിനുശേഷം, സ്ഥാനാർഥികൾ കുറഞ്ഞത് 6 മുതൽ പരമാവധി 10 വരെ പുൾ അപ്പുകൾ ചെയ്യേണ്ടതുണ്ട്. 10 പുൾഅപ്പുകൾക്ക് 40 മാർക്ക്, 9 പുൾഅപ്പുകൾക്ക് 33, 8 പുൾ അപ്പുകൾക്ക് 27, 7 പുൾ അപ്പുകൾക്ക് 21, 6 പുൾഅപ്പുകൾക്ക് 16 മാർക്ക് എന്നിങ്ങനെയാണ് പുൾ അപ്പുകളുടെ മാർക്ക്. ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റുകളിൽ യോഗ്യരായ ഉദ്യോഗാർഥികൾ ഇപ്പോൾ പ്രീമെഡിക്കൽ പരിശോധനയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഉയരം, ഭാരം, നെഞ്ചിന്റെ വികാസം എന്നിവ അളക്കുന്നതാണ് പ്രീമെഡിക്കൽ പരിശോധന. ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റുകളിലും പ്രീമെഡിക്കൽ ടെസ്റ്റുകളിലും വിജയിക്കുന്ന ഉദ്യോഗാർഥികൾ അടുത്ത ദിവസം ആർമി മെഡിക്കൽ ഓഫീസർമാരുടെ സംഘം നടത്തുന്ന മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാകും. 
ശാരീരിക പരീക്ഷയിലും വൈദ്യ പരീക്ഷയിലും യോഗ്യത നേടുന്ന ഉദ്യോഗാർഥികൾ ഒരു പൊതു പ്രവേശന പരീക്ഷയിൽ (എഴുത്തു പരീക്ഷ) ഹാജരാകണം, അതിനായി അവർക്ക് പുതിയ അഡ്മിറ്റ് കാർഡുകൾ നൽകും. 
പൊതു പ്രവേശന പരീക്ഷ 2023 ജനുവരി 15 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പൊതു പ്രവേശന പരീക്ഷപരീക്ഷയിൽ വിജയിക്കുകയും മെറിറ്റിൽ യോഗ്യത നേടുകയും ചെയ്യുന്ന ഉദ്യോഗാർഥികളെ പരിശീലനത്തിനായി ആർമിയുടെ നിയുക്ത പരിശീലന കേന്ദ്രങ്ങളിലേക്ക് അയക്കും. കരസേനയിലെ റിക്രൂട്ട്‌മെന്റിന്റെ മുഴുവൻ പ്രക്രിയയും സ്വതന്ത്രവും ന്യായവും സുതാര്യവുമാണ്. ഏജന്റുമാരുടെ ഇരകളാകരുതെന്ന് സൈന്യം ഉദ്യോഗാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് റാലിയുടെ സുഗമമായ നടത്തിപ്പിന് ജില്ല ഭരണകൂടം പരിപൂർണ സഹകരണവും പിന്തുണയും നൽകുന്നുണ്ട്.  
അഗ്‌നിപഥ് റാലി കൂടാതെ, നവംബർ 26 മുതൽ 29 വരെ സോൾജിയർ ടെക്‌നിക്കൽ നഴ്‌സിംഗ് അസിസ്റ്റന്റ് / നഴ്‌സിംഗ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയർ കമ്മീഷൻഡ് ഓഫീസർ (മത അധ്യാപകൻ) എന്നീ വിഭാഗങ്ങളിലേക്കായുള്ള ആർമി റിക്രൂട്ട്‌മെന്റ് റാലിയും ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായാണ് ആർമി റിക്രൂട്ട്‌മെന്റ് റാലി. റാലിയുടെ അവസാന ശാരീരികക്ഷമത പരിശോധന 28 നും അവസാന വൈദ്യ പരിശോധന 29 നും നടക്കും. 

Latest News