തൃശൂർ - പൊള്ളുന്ന വേനലിൽ പൊള്ളും വിലയുമായി വഴിയോര വിപണിയിൽ ഞാവൽ പഴങ്ങളെത്തി. നാട്ടുപഴങ്ങളിൽ പ്രധാനിയായ ഞാവൽ പഴം ഒരു കാലത്ത് മലയാളിയുടെ വീട്ടുവളപ്പിൽ സുലഭമായിരുന്നതാണ്. പിന്നെപ്പിന്നെ ഞാവൽ പഴങ്ങളും പതിയെപ്പതിയെ നാടൊഴിഞ്ഞ സ്ഥിതിയായി. ഇപ്പോൾ പണം കൊടുത്ത് വാങ്ങിക്കഴിക്കേണ്ട സ്ഥിതിയായി. പരീക്ഷയുടെ ആവലാതികളൊഴിഞ്ഞ മധ്യവേനലവധിക്കാലത്ത് കുട്ടികൾ തൊടികളിൽ കയറി ഞാവൽ പഴം പറിച്ചുകഴിച്ച് നാവ് വൈലറ്റു നിറമാക്കി പരസ്പരം നീട്ടിക്കാണിച്ച് കളിച്ചിരുന്നതെല്ലാം ഓർമകൾ മാത്രമായി.
ഇന്ന് വഴിയോര വിപണിയിൽ ഞാവൽ പഴം താരമാണ്. വിലയൽപം കൂടുതലാണെങ്കിലും ആളുകൾ ഞാവൽ പഴം വാങ്ങുന്നുണ്ട്. കേട്ടുപരിചയം മാത്രമുള്ള ഞാവൽ പഴം കുട്ടികൾക്കായി വാങ്ങുന്നവരേറെയാണ്. ഒരെണ്ണത്തിന് പത്തു രൂപയും കിലോയ്ക്ക് 600 രൂപയുമാണ് ഞാവൽ പഴത്തിന് വഴിയോര വിപണിയിലെ വില. ആർക്കും വേണ്ടാതെ തൊടികളിൽ വീണുകിടന്നിരുന്ന ഞാവൽ പഴമാണിപ്പോൾ ഇത്രയും വിലയ്ക്ക് വിപണിയിലെത്തിയിരിക്കുന്നത്.
ഇപ്പോൾ ബാംഗ്ലൂരിൽ നിന്നുമാണ് തൃശൂർ നഗരത്തിലേക്കും പരിസരപ്രദേശങ്ങളിലേക്കും ഞാവൽ പഴമെത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി തൃശൂർ-കാഞ്ഞാണി റോഡിൽ ചുങ്കത്ത് ഞാവൽ പഴം വിൽക്കുന്ന പൂത്തോൾ സ്വദേശി ഈ വർഷവും ഞാവൽ പഴ കച്ചവടവുമായി എത്തിയിട്ടുണ്ട്. വില കൂടുതലാണെങ്കിലും ഡിമാന്റിന് കുറവില്ലത്രേ. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ ഞാവൽ പഴങ്ങൾ മൈസൂരിൽ നിന്നും എത്തിത്തുടങ്ങും. ബാംഗ്ലൂർ ഞാവലിനെ അപേക്ഷിച്ചു മൈസൂർ ഞാവൽ പഴം വലുതാണ്. കിലോയ്ക്ക് നാന്നൂറു രൂപയാണ് മൈസൂർ ഞാവൽ പഴത്തിന്റെ വില. ഞാവൽ, ഞാവുൾ, ഞാറ എന്നീ പേരുകളിൽ പ്രദേശികമായി അറിപ്പെടുന്ന ഞാവലിന് ഔഷധ ഗുണവുമേറെയാണ്. ജീവകം എ യും സിയും അടങ്ങിയിരിക്കുന്ന ഞാവലിന്റെ കുരു പ്രമേഹ രോഗത്തിനും മരുന്നായി ഉപയോഗിക്കുന്നുണ്ട്.