Sorry, you need to enable JavaScript to visit this website.

പ്രിയ വര്‍ഗീസിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; സ്വന്തക്കാരെ തിരുകിക്കയറ്റുന്നു-വി.ഡി.സതീശന്‍

കൊച്ചി-പ്രിയ വര്‍ഗീസിന്റെ നിയമനം സംബന്ധിച്ച ഹൈക്കോടതി  വിധിയുടെ പശ്ചാത്തലത്തില്‍ പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവരൊക്കെ രാജിവെച്ച് പോകാനുള്ള മാന്യത കാട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
സര്‍വകലാശാലകളില്‍ പിന്‍വാതിലിലൂടെ സ്വന്തക്കാരെയും ബന്ധുക്കളെയും സി.പി.എം തിരുകിക്കയറ്റുകയാണ്. സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി അധ്യാപക നിയമനങ്ങള്‍ റിസര്‍വ് ചെയ്തിരിക്കുകയാണ്. 25 വര്‍ഷം അധ്യാപന പരിചയമുള്ള ഉദ്യോഗാര്‍ത്ഥിയെ മാറ്റി നിര്‍ത്തിയാണ് അധ്യാപന പരിചയമില്ലാത്ത ആളെ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കൊണ്ടുവന്നത്. പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പോലും സര്‍വകലാശാലകളില്‍ നിയമനം ലഭിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. നടപടിക്രമങ്ങളെ മുഴുവന്‍ കാറ്റില്‍പ്പറത്തി ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് പോലെയാണ് ബന്ധുക്കളെ നിയമിച്ചത്. സ്വന്തക്കാരെ മുഴുവന്‍ ഇങ്ങനെ തിരുകിക്കയറ്റാന്‍ നാണമില്ലേ? പിന്‍വാതിലിലൂടെ കയറിയവരെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ പണം മുടക്കിയാണ് ഇപ്പോള്‍ കേസ് നടത്തുന്നത്.
കേരളത്തിലെ ചെറുപ്പക്കാരുടെ പ്രതീക്ഷ മുഴുവന്‍ നഷ്ടമായിരിക്കുകയാണ്. പാര്‍ട്ടി ബന്ധുക്കളായ താല്‍ക്കാലിക്കാര്‍ പുറത്താക്കാതിരിക്കാന്‍ വകുപ്പ് മേധാവിമാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇതേത്തുടര്‍ന്ന് പി.എസ്.സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചെറുപ്പക്കാരെ ഇതുപോലെ വഞ്ചിച്ച സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് നിയമനങ്ങളൊക്കെ നടക്കുന്നത്. മുഖ്യമന്ത്രി അധികാരത്തില്‍ വന്നതിന് ശേഷം ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പാര്‍ട്ടിക്കാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. തിരുവനന്തപുരത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ് നിയമനങ്ങള്‍ നടത്തുന്നത്. മേയറുടെ കത്ത് നശിപ്പിച്ച് കളഞ്ഞുകൊണ്ട് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. കത്ത് കിട്ടിയ ജില്ലാ സെക്രട്ടറി തന്നെയാണ് തെളിവ് നശിപ്പിച്ചത്. തെളിവ് നശിപ്പിച്ചതിന് ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം. കേസ് തേച്ച്മാച്ച് കളയാനാണ് ശ്രമിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറിമാരാണ് പൊലീസിനെ ഭരിക്കുന്നത്. പിന്നെ എവിടെയാണ് നീതി ലഭിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു.

 

Latest News