കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനു കണ്ണൂര്‍ സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നേടാന്‍ വേണ്ടത്ര അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രിയാ വര്‍ഗീസിനെ നിയമന പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമന പട്ടികയില്‍ രണ്ടാമതുള്ള ഡോ. ജോസഫ് സ്‌കറിയയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.
അധ്യാപകര്‍ രാഷ്ട്രനിര്‍മാതാക്കളാണെന്ന് കോടതി നിരീക്ഷിച്ചു. ഇരുഭാഗത്തിന്റെ വാദമുഖങ്ങള്‍ കോടതി വിശദീകരിക്കുന്നു. ഹൈക്കോടതിയുടെ വിമര്‍ശനത്തിനെതിരെ പ്രിയാ വര്‍ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ കോടതി വിമര്‍ശിച്ചു. സംഭവിക്കുന്നത് അസുഖകരമായ കാര്യങ്ങളാണെന്നു കോടതി പറഞ്ഞു. കുഴിവെട്ട് എന്ന കാര്യം പറഞ്ഞത് ഓര്‍ക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. താനും എന്‍എസ്എസിന്റെ (നാഷനല്‍ സര്‍വീസ് സ്‌കീം) ഭാഗമായിരുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമന്‍ചന്ദ്രന്‍ പറഞ്ഞു. നാഷനല്‍ സര്‍വീസ് സ്‌കീമിനെ താഴ്ത്തിക്കെട്ടി സംസാരിച്ചിട്ടില്ല. കോടതിയില്‍ സംഭവിച്ചത് കോടതിയില്‍ തന്നെ നില്‍ക്കണമെന്നും കോടതി നിലപാടെടുത്തു. എന്നാല്‍, കോടതിയുടെ പരാമര്‍ശം പ്രിയയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നു അഭിഭാഷകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം, ഹര്‍ജിയുടെ വാദത്തിനിടെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നതിനു മറുപടിയായാണ് 'നാഷനല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം' എന്ന് പ്രിയ പോസ്റ്റിട്ടത്.
പ്രിയാ വര്‍ഗീസ് പിഎച്ച്ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്‌സ് ഡയറക്ടറായി ഡപ്യൂട്ടേഷനില്‍ പോയതും അധ്യാപനം ആകില്ലെന്നാണു ഹര്‍ജിയിലെ വാദം. എന്നാല്‍, ഇതു രണ്ടും അധ്യാപന പരിചയത്തില്‍ കണക്കാക്കാമെന്നും സ്റ്റുഡന്റ്‌സ് ഡയറക്ടര്‍ ആയിരിക്കെ എന്‍എസ്എസ് കോ ഓര്‍ഡിനേറ്ററുടെ അധിക ചുമതല വഹിച്ചിരുന്നുവെന്നും പ്രിയയുടെ അഭിഭാഷകന്‍ വാദിച്ചു.
ഡപ്യൂട്ടേഷന്‍ കാലത്തും സ്റ്റുഡന്റ് ഡയറക്ടര്‍ ആയിരുന്നപ്പോഴും പഠിപ്പിച്ചിട്ടുണ്ടോ, എന്‍എസ്എസ് കോ ഓര്‍ഡിനേറ്ററുടെ ചുമതല അധ്യാപന പരിചയമായി അപേക്ഷയില്‍ കാണിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ച കോടതി സ്‌ക്രീനിങ് കമ്മിറ്റിക്കു മുന്നില്‍ വ്യക്തമാക്കാത്ത യോഗ്യത കോടതിയില്‍ ഉന്നയിക്കരുതെന്നും പറഞ്ഞു. ഗവേഷണവും അധ്യാപനവും ഒപ്പം നടത്തിയാലേ അതു അധ്യാപനത്തില്‍ പരിഗണിക്കാന്‍ കഴിയൂ എന്നും ഇവിടെ അങ്ങനെയല്ലെന്നും യുജിസിയുടെ അഭിഭാഷകന്‍ വിശദീകരിച്ചിരുന്നു.