Sorry, you need to enable JavaScript to visit this website.

ഇറാൻ ആണവ കരാർ: അമേരിക്കക്ക് ഗൾഫ് രാജ്യങ്ങളുടെ ഉറച്ച പിന്തുണ

റിയാദ്- ഇറാൻ ആണവ കരാറിൽ നിന്ന് പിൻവാങ്ങിയ അമേരിക്കൻ തീരുമാനത്തിന് ഗൾഫ് രാജ്യങ്ങളുടെ ശക്തമായ പിന്തുണ. കരാറിൽ നിന്ന് അമേരിക്ക പിൻവാങ്ങിയതിനെ സൗദി അറേബ്യ പിന്തുണക്കുന്നതായി വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെയും തങ്ങൾ പിന്തുണക്കുന്നു. ആണവ കരാർ ഒപ്പുവെച്ചതിന്റെ ഫലമായി സാമ്പത്തിക ഉപരോധങ്ങൾ എടുത്തകളഞ്ഞത് മേഖലയിൽ അസ്ഥിരതയുണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഹിസ്ബുല്ലയും ഹൂത്തികളും അടക്കമുള്ള ഭീകര ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്നതിനും ഇറാൻ ദുരുപയോഗിക്കുകയായിരുന്നു. ഇറാന്റെ ശത്രുതാപരമായ രാഷ്ട്രീയങ്ങൾ സൃഷ്ടിക്കുന്ന ഭീഷണികൾക്ക് പരിഹാരം കാണുന്നതിന് പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് സൗദി അറേബ്യ തുടരുമെന്നും ആദിൽ അൽജുബൈർ പറഞ്ഞു. 
അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനത്തെ പൂർണ തോതിൽ പിന്തുണക്കുന്നതായി ബഹ്‌റൈൻ വ്യക്തമാക്കി. ഇറാന്റെ നയങ്ങളും മേഖലയിൽ ഭീകരത കയറ്റി അയക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളും ചെറുക്കുന്നതിനുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധതയാണ് ട്രംപിന്റെ തീരുമാനം പ്രതിഫലിപ്പിക്കുന്നത്. ആണവായുധങ്ങളിൽ നിന്നും വിനാശകരമായ ആയുധങ്ങളിൽ നിന്നും പശ്ചിമേഷ്യയെ വിമുക്തമാക്കുന്നതിനും ആണവായുധം സ്വന്തമാക്കുന്നതിൽ നിന്ന് ഇറാനെ തടയുന്നതിനും മേഖലയിലെ മിലീഷ്യകൾക്ക് ഇറാൻ സഹായങ്ങൾ നൽകുന്നത് ചെറുക്കുന്നതിനും നടത്തുന്ന മുഴുവൻ ശ്രമങ്ങൾക്കും ബഹ്‌റൈൻ പിന്തുണ നൽകും. അയൽ രാജ്യങ്ങളുടെ പരമാധികാരം ഇറാൻ മാനിക്കണമെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ ഇടപെടരുതെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു. 
ഭാവിയിൽ ആണവായുധം നേടുന്നതിൽ നിന്ന് ഇറാനെ തടയുന്നത് ഉറപ്പു വരുത്തുന്നില്ല എന്ന കാരണം പറഞ്ഞ് ആണവ കരാറിൽ നിന്ന് പിൻവാങ്ങുന്നതിനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണക്കുന്നതായി യു.എ.ഇ പറഞ്ഞു. ലോക സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിന് മധ്യപൗരസ്ത്യദേശത്തെ ആണവായുധങ്ങളിൽ നിന്നും വിനാശകരമായ ആയുധങ്ങളിൽ നിന്നും വിമുക്തമാക്കുന്നതിനുള്ള ട്രംപിന്റെ നിലപാടിനോട് അന്താരാഷ്ട്ര സമൂഹവും ഇറാൻ ആണവ കരാറിൽ ഒപ്പുവെച്ച മറ്റു രാജ്യങ്ങളും ക്രിയാത്മകമായി പ്രതികരിക്കണമെന്ന് യു.എ.ഇ വിദേശ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 21 മാസം നീണ്ട ദുഷ്‌കരമായ ചർച്ചകൾക്കൊടുവിൽ 2015 ലാണ് ഇറാനും ആഗോള ശക്തികളും ആണവ കരാർ ഒപ്പുവെച്ചത്. 
 

Latest News