ദോഹ- ഫുട്‌ബോള്‍ ആവേശം ലയണല്‍ മെസ്സിക്ക് ദോഹയില്‍ ഊഷ്മള വരവേല്‍പ്. ബുധനാഴ്ച രാത്രി നടന്ന അവരുടെ അവസാന ലോകകപ്പ് സന്നാഹത്തില്‍ യു.എ.ഇയെ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അബുദാബിയില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ ടീം ഖത്തറിലേക്ക് പറന്നത്. ഇന്നലെ 35 കാരനായ മെസ്സി തന്റെ 91ാം അന്താരാഷ്ട്ര ഗോള്‍ നേടിയ ഫോമിലായിരുന്നു. അബൂദാബായിലെ വിജയകരമായ മല്‍സരത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ ദോഹയിലെത്തിയ ലയണല്‍ മെസ്സിക്കും സംഘത്തിനും ആരാധകര്‍ ആവേശകരമായ സ്വീകരണം നല്‍കി.
ഖത്തറിലെ ലോകകപ്പ് ടീം ബേസിന് പുറത്ത് ലയണല്‍ മെസ്സി സഞ്ചരിച്ച ബസ് കാണാന്‍ നൂറുകണക്കിന് ആരാധകരാണ് മണിക്കൂറുകളോളം കാത്തിരുന്നത്. അര്‍ജന്റീനയുടെ കടുത്ത ആരാധകരെ ഇന്ത്യന്‍ ഫാന്‍സ് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട് താരങ്ങളെ വരവേറ്റത്.
ലോകകപ്പ് കളിക്കാര്‍ക്കും സന്ദര്‍ശിക്കുന്ന ആരാധകര്‍ക്കും ഖത്തര്‍ 2022 എങ്ങനെ വ്യത്യസ്തമായ അനുഭവമാകുമെന്ന് ഡ്രമ്മര്‍മാരും ഇന്ത്യന്‍ ബീറ്റ് നര്‍ത്തകരും വീണ്ടും കാണിച്ചു. തങ്ങളുടെ നായകന്മാരുടെ വരവ് കാണാന്‍ പുലര്‍ച്ചെ 4:00 മണി വരെ കാത്തുനിന്ന 500ലധികം വരുന്ന ഫുട്‌ബോള്‍ ആരാധകരില്‍ നല്ലൊരു ശതമാനവും ഇന്ത്യക്കാരായിരുന്നു.
ഖത്തറില്‍ 5,000ത്തിലധികം അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന അര്‍ജന്റീന ഫാന്‍സ് ഇന്‍ ഖത്തര്‍ ക്ലബ്ബിലെ അംഗങ്ങള്‍, 'ലിയോ' മെസ്സിയുടെ ഛായാചിത്രം കൊണ്ട് അലങ്കരിച്ച ഡ്രമ്മുകളുമായി ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലെ ടീം ബേസിലേക്ക് എത്തിയത് ടീമംഗങ്ങളെപോലും വിസ്മയിപ്പിക്കുന്നതായിരുന്നു
2010ല്‍ ദോഹയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന 10ന് ബ്രസീലിനെ തോല്‍പിച്ചപ്പോള്‍ മെസ്സി വിജയഗോള്‍ നേടിയത് 2022 ലും ആവര്‍ത്തിക്കുമോ എന്നാണ് കാല്‍പന്തുകളിലോകം കാത്തിരിക്കുന്നത്. 35 കാരനായ മെസ്സി കഴിഞ്ഞ വര്‍ഷം കോപ്പ അമേരിക്ക കിരീടം നേടിയിരുന്നുവെങ്കിലും ഖത്തര്‍ ടൂര്‍ണമെന്റ് തന്റെ രാജ്യത്തെ ലോകകപ്പ് മഹത്വത്തിലേക്ക് നയിക്കുന്നതില്‍ അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ഒപ്പമെത്താനുള്ള അവസാന അവസരമായിരിക്കും.
ഗ്രൂപ്പ് സിയില്‍ നവംബര്‍ 22 ചൊവ്വാഴ്ച സൗദി അറേബ്യയ്‌ക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മല്‍സരം. ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിന്റെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുപോയിരുന്നു.
മലയാളി ഫുട്‌ബോള്‍ ആരാധകരെ കണ്ട്
അത്ഭുതപ്പെട്ട് ബ്രിട്ടീഷ് മാധ്യമങ്ങള്‍
ദോഹ- ഖത്തറിലെ മലയാളി ഫുട്‌ബോള്‍ ആരാധകരെ കണ്ട് അത്ഭുതപ്പെട്ട് ബ്രിട്ടീഷ് മാധ്യമങ്ങള്‍. ഫിഫ 2022 ലോകകപ്പ് ഖത്തറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോര്‍ണിഷിലും ലുസൈല്‍ ബോളുവാര്‍ഡിലും മറ്റുമൊക്കെയായി പതിനായിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകരാണ് തടിച്ചുകൂടിയത്.
വിവിധ ടീമുകളുടെ ഫാന്‍സുകളായി ജഴ്‌സിയണിഞ്ഞ് രംഗത്തെത്തിയ ഫുട്‌ബോള്‍ ആരാധകരുടെ ആവേശം അക്ഷരാര്‍ഥത്തില്‍ കുറ്റം കാണാന്‍ പാര്‍ത്തിരുന്ന ബ്രിട്ടീഷ് മാധ്യമങ്ങളെ അത്ഭുതപ്പെടുത്തി.
ഖത്തറിലെ ആരാധകക്കൂട്ടം പെയിഡ് ഫാന്‍സാണെന്ന നിരുത്തരവാദപരമായ പ്രസ്താവനയും കമന്റുകളുമിട്ട് പലരും സായൂജ്യമടയുവാന്‍ ശ്രമിച്ചെങ്കിലും എല്ലാവര്‍ക്കും ഉരുളക്കുപ്പേരി കണക്കെ മറുപടി കൊടുത്താണ് ഫുട്‌ബോള്‍ ആരാധകര്‍ തങ്ങളുടെ കളിയാവേശം ഉയര്‍ത്തിയത്.
പോറ്റമ്മ നാടിന്റെ ഫുട്‌ബോള്‍ ലഹരിയില്‍ ഏറ്റവും മുന്നിലുള്ള ആരാധകര്‍ മലയാളികളാണ് എന്നത് ഏറെ അഭിമാനകരമാണ്.