Sorry, you need to enable JavaScript to visit this website.

ശബരിമല; പഴയത് ഓർമിപ്പിച്ച് ബി.ജെ.പി, രംഗം തണുപ്പിച്ച് ദേവസ്വം മന്ത്രി

- ശബരിമലയിൽ യുവതീ പ്രവേശം അനുവദിച്ച കോടതി വിധി ഉദ്ധരിച്ച പോലീസ് കൈപ്പുസ്തകം പിൻവലിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
പത്തനംതിട്ട - ശബരിമലയിൽ യുവതീ പ്രവേശം അനുവദിച്ച കോടതി വിധി ഉദ്ധരിച്ചുള്ള പോലീസ് കൈപ്പുസ്തകം പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസിന് നൽകിയ കൈപ്പുസ്തകത്തിൽ എതിർപ്പുമായി ബി.ജെ.പി രംഗത്തെത്തിയതോടെയാണ് മന്ത്രി രംഗം തണുപ്പിച്ചത്.
 ശബരിമലയിൽ എല്ലാവരേയും പ്രവേശിപ്പിക്കാൻ സർക്കാരിന് ഉദ്ദേശമില്ലെന്ന്  മന്ത്രി പറഞ്ഞു. കോടതി നിർദേശപ്രകാരമായിരിക്കും തീരുമാനങ്ങൾ. രണ്ടുവർഷമായുള്ള പ്രവേശന രീതി അതേപടി തുടരും. പോലീസിന്റെ വിവാദമായ കൈപ്പുസ്തകം പിൻവലിക്കും. ശബരിമല പ്രവേശനത്തിൽ പോലീസിന് നല്കിയ നിർദേശം പിശകാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനമെന്നത് അച്ചടി പിശകു മാത്രമാണ്. സർക്കാരിനും ദേവസ്വം ബോർഡിനും ദുരുദ്ദേശമില്ല. യുവതീ പ്രവേശന കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.
  സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്നാണ് കൈപ്പുസ്തകത്തിലെ പ്രധാന നിർദ്ദേശം. ശബരിമലയിൽ തീർത്ഥാടകരോട് പോലീസ് എങ്ങനെ പെരുമാറണം, ഡ്യൂട്ടി പോയിന്റുകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്, പൂജാ സമയം, സന്നിധാനത്തെ സ്ഥലങ്ങൾ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിയ പുസ്തകത്തിൽ ഒന്നാമതായാണ് യുവതീ പ്രവേശന വിധി ഓർമ്മപ്പെടുത്തി നിർദ്ദേശം നൽകിയത്.
 കൈപ്പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ളവർ കടുത്ത ഭാഷയിൽ എതിർപ്പുമായി രംഗത്തു വരികയായിരുന്നു. 'ആദ്യ വാചകംതന്നെ സുപ്രീംകോടതി വിധി അനുസരിച്ച് എല്ലാവർക്കും പ്രവേശനമുണ്ടെന്നാണ്. സർക്കാർ എന്തെങ്കിലും ഉദ്ദേശിച്ചാണ് നീങ്ങുന്നതെങ്കിൽ അത് മുളയിലെ നുള്ളുന്നതാണ് നല്ലത്. പഴയതൊന്നും ഞങ്ങൾ മറന്നിട്ടില്ല. ഒരിക്കൽ വിശ്വാസികൾ നിങ്ങളെക്കൊണ്ടു തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കിൽ പഴയതൊന്നും മറന്നിട്ടില്ല. പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പിണറായി വിജയനെ ഓർമ്മിപ്പിക്കുന്നു' എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
 മുൻ വർഷങ്ങളിൽ പ്രിന്റ്  ചെയ്ത പുസ്തകം കൊടുത്തതാണെന്നു എ.ഡി.ജി.പി എം.ആർ അജിത്കുമാർ വ്യക്തമാക്കി. കുറെ അധികം തെറ്റുകൾ ഉണ്ട്. എല്ലാം തിരുത്തി പുതിയ നിർദ്ദേശങ്ങൾ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

Latest News