എങ്ങനെ സുരക്ഷ സാധ്യമാക്കാമെന്ന ആലോചനയിൽ വനപാലകർ
മലക്കപ്പാറ / തൃശൂർ - അതിരപ്പിള്ളി റോഡിൽ ഭീതി വിതച്ച് വീണ്ടും ഒറ്റയാൻ കൊമ്പനാന. ആന ഓടിയടുത്തതോടെ ഇതുവഴി വന്ന കാറും തേയില കയറ്റിവന്ന ലോറിയും ഉൾപ്പെടെയുള്ള വാഹനങ്ങൾ പിന്നിലേക്കെടുത്താണ് രക്ഷപ്പെട്ടത്. ആന പിന്നീട് ഷോളയാർ പവർഹൗസ് റോഡിലേക്ക് പോയതോടെയാണ് യാത്രക്കാർക്ക് യാത്ര തുടരനായാത്.
ഇന്നലെയും നാട്ടുകാർ കബാലിയെന്ന് വിളിക്കുന്ന ഈ ആന ഇറങ്ങിയിരുന്നതായി ചാലക്കുടി വാൽപാറ പാതയിൽ സർവീസ് നടത്തുന്ന ചീനിക്കാസ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർ അംബുജാക്ഷൻ പറഞ്ഞു. തുടർന്ന് ആനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ നിറയെ യാത്രക്കാരുള്ള ബസ് എട്ട് കിലോമീറ്റർ റിവേഴ്‌സിൽ സാഹസികമായി ഓടിക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. കൊടും വളവുകളുള്ള ഇടുങ്ങിയ വഴിയിൽ ബസ് തിരിക്കാനുള്ള സൗകര്യം ഇല്ലാതെ വന്നതോടെയാണ് പിന്നോട്ട് ഓടിക്കേണ്ടിവന്നത്. ഒരു മണിക്കൂറോളം ബസിനൊപ്പം നടന്നുവന്ന ഒറ്റയാൻ ആനക്കയം ഭാഗത്തെത്തിയപ്പോൾ കാട്ടിലേക്കു കടക്കുകയായിരുന്നു.
ഇന്നലെ രാത്രി കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കും ഒറ്റയാനെ പേടിച്ച് ബസ് പിന്നോട്ടെടുക്കേണ്ടി വന്നു. ആഴ്ചകളായി ആനമല പാതയിൽ ഈ ഒറ്റയാന്റെ ഭീഷണി നിലനിൽക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് വനം വകുപ്പിന്റെ ജീപ്പ് ആന ആക്രമിച്ചു തകർത്തിരുന്നു. അമ്പലപ്പാറ വൈദ്യുതി നിലയത്തിനു നേരെയും ആക്രമണമുണ്ടായി. ഇതുമൂലം ജീവഭയത്തോടൊപ്പം മണിക്കൂറുകളാണ് യാത്രക്കാർക്കും മറ്റും പലപ്പോഴും നഷ്ടമാവുന്നത്.
പ്രദേശത്തേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ വ്യനിസിച്ച് എങ്ങനെ സുരക്ഷ സാധ്യമാക്കാമെന്ന ആലോചനയിലാണ് വനപാലകർ. അതിരപ്പിള്ളിയിൽനിന്നും ഏതാണ്ട് 30 കിലോമീറ്റർ മാറി മലക്കപ്പാറക്കു സമീപം ഷോളയാർ വനമേഖലയിലാണ് ആനയിപ്പോൾ നിലയുറപ്പിച്ചിട്ടുള്ളതെന്നാണ് അധികൃതർ പറയുന്നത്.