Sorry, you need to enable JavaScript to visit this website.

'കുഴിയല്ല, കക്കൂസ് വെട്ടിയാലും അഭിമാനം മാത്രം'; ഹൈക്കോടതിക്ക് പ്രിയ വർഗ്ഗീസിന്റെ മറുപടി, പോസ്റ്റ് ചർച്ചയായതോടെ മുക്കി

കണ്ണൂർ - കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിലെ ഹൈക്കോടതി പരാമർശത്തിന് അതേ നാണയത്തിൽ മറുപടിയുമായി പ്രിയ വർഗ്ഗീസ്. നാഷണൽ സർവീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയാലും അഭിമാനം മാത്രമാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. അത് ഞാനല്ല, പക്ഷേ നിങ്ങളാണ് എന്ന എൻ.എസ്.എസ് സർവീസ് സ്‌കീമിന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചെങ്കിലും പോസ്റ്റ് ചർച്ചയായതോടെ അവർ പിൻവലിച്ചിരിക്കുകയാണ്. 
 ഹർജിയിൽ നാളെയാണ് ഹൈക്കോടതി വിധി പറയുക. കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രഫ. ജോസഫ് സ്‌കറിയയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശമുണ്ടായത്. അധ്യാപന പരിചയം വസ്തുതയാവണമെന്നും കെട്ടുകഥയാവരുതെന്നുമാണ് പ്രിയ വർഗീസിനോട് കോടതി പറഞ്ഞത്. 
 നാഷണൽ സർവീസ് സ്‌കീം കോ-ഓർഡിനേറ്റർ എന്നത് അധ്യാപന പരിചയത്തിന്റെ ഭാഗമല്ലെന്നും എൻ.എസ്.എസിന് പോയി കുഴി വെട്ടിയതൊന്നും അധ്യാപന പരിചയമാകില്ലെന്നും കോടതി പരിഹസിച്ചിരുന്നു. ഇതാകാം അവരെ ചൊടിപ്പിച്ചത്.
 പ്രിയ വർഗീസ് അധ്യാപികയല്ലെന്ന് ആരും പറയുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നോ എന്ന് ചോദിച്ചു. സ്റ്റുഡന്റ് ഡയറക്ടർ ആയ കാലയളവിൽ പഠിപ്പിച്ചിരുന്നോയെന്നും ആരാഞ്ഞു. പ്രവൃത്തിപരിചയം ഉണ്ടെന്ന രേഖ സ്‌ക്രൂട്ടിനിങ് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ചിരുന്നോയെന്നും കോടതി ചോദിക്കുകയുണ്ടായി.
  യു.ജി.സി ചട്ടപ്രകാരം മാത്രമേ പ്രിയ വർഗീസിന്റെ  നിയമനവുമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളുവെന്ന് കണ്ണൂർ സർവ്വകലാശാലയോട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിയമന നടപടികൾ യു.ജി.സി ചട്ടപ്രകാരം മാത്രമേ പാടുള്ളുവെന്ന് സുപ്രീംകോടതി ആവർത്തിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസർ നിയമനം നൽകാൻ മതിയായ യോഗ്യതയില്ലെന്ന് യു.ജി.സിയും ആവർത്തിച്ചു.

Latest News