തൊടുപുഴ-പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് പത്ത് വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. പീരുമേട് പട്ടുമല എസ്റ്റേറ്റ് കിഴക്കേതാഴത്ത് വീട്ടില്‍ ശ്രീകൃഷ്ണനെയാണ് (50) തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി നിക്‌സണ്‍ .എം. ജോസഫ് ശിക്ഷിച്ചത്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദ സംഭവം. ബന്ധുവായ പെണ്‍കുട്ടിയെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കുട്ടി കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ബന്ധുവായ കുട്ടിക്കെതിരായ അതിക്രമത്തിന് അഞ്ച് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും, ലൈംഗികാതിക്രമം നടത്തിയതിന് മൂന്ന് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും, കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് രണ്ട് വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏഴുവര്‍ഷം കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി കഠിനതടവ് അനുഭവിക്കണം. അതിക്രമത്തിന് ഇരയായ കുട്ടിക്ക് പുനരധിവാസത്തിനായി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി കൈക്കൊള്ളാന്‍ ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് കോടതി നിര്‍ദേശം നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ബി വാഹിദ ഹാജരായി.