കാലാവസ്ഥാ വ്യതിയാനം അറിയിച്ച് കൊണ്ടുള്ള ഓരോ കാറ്റും കടന്ന് വരുന്നത് അന്തരീക്ഷം ശുദ്ധി വരുത്തിക്കൊണ്ടുള്ള മഴത്തുള്ളികളുമായാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാഹളധ്വനി മുഴക്കിക്കൊണ്ട് കോൺഗ്രസ്സിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന നവീകരണ പ്രക്രിയ നൽകുന്ന സൂചനയും മറ്റൊന്നല്ല.
133 വർഷത്തെ പ്രവർത്തന പ്രായമുള്ള ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൽ അടിമുടി സംഭവിച്ച് കൊണ്ടിരിക്കുന്ന മാറ്റങ്ങൾ രാജ്യം ആഗ്രഹിക്കുന്ന ചരിത്രപരമായ അനിവാര്യതയാണ്. ഈ മാറ്റത്തിന്റെ കാറ്റ് വരാനിരിക്കുന്ന നാളുകളിൽ ഇന്ദ്രപ്രസ്ഥയിൽ നിന്നും രാജ്യത്തിന്റെ ഇതര നഗര ഗ്രാമ പ്രാന്തങ്ങളിലേക്ക് ആഞ്ഞു വീശാൻ പോകുന്നതിന്റെ സൂചനയായിരുന്നു ദൽഹിയിലെ രാംലീല മൈതാനിയിൽ സൂചികുത്താൻ ഇടമില്ലാത്ത വിധം 'ജനക്രോശ്' റാലിയിലേക്ക് ആർത്തിരമ്പിയെത്തിയ ജനസാഗരം.
മുതിർന്ന നേതാക്കളുടെ ഉപദേശ നിർദേശങ്ങളോടൊപ്പം യുവതയുടെയും സാധാരണക്കാരന്റെയും അഭിപ്രായങ്ങൾ ശ്രദ്ധയോടെ കേട്ട് കൊണ്ട് ക്രാന്ത ദർശിത്വത്തോടെ പ്രവർത്തിക്കുന്ന രാഹുൽ ഗാന്ധിയുടെ ശൈലി കോൺഗ്രസ്സ് പ്രസ്ഥാനത്തെ മാത്രമല്ല വരാനിരിക്കുന്ന നാളുകളിൽ ഇന്ത്യാ രാജ്യത്തെയും വിപ്ലവാത്മകമായ മാറ്റത്തിലേക്ക് നയിക്കും.
'മാറ്റത്തിനുള്ള സമയം ഇതാണ്' എന്നതായിരുന്നു മാർച്ചിൽ നടന്ന 84 മത് എ ഐ സി സി പ്ലീനറി സമ്മേളനത്തിന്റെ മുദ്രാവാക്യം. സമ്മേളന വേദിയിൽ പരമ്പരാഗതമായി പിന്തുടരുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഇരിപ്പിടങ്ങൾ ഒഴിവാക്കികൊണ്ടായിരുന്നു പ്ലീനറിക്കു വേണ്ടി വേദിയൊരുക്കിയത്.
നേതാക്കളുടെ തള്ളിച്ച കൊണ്ട് വീർപ്പ് മുട്ടുന്ന വേദികളൊരുക്കുന്ന കോൺഗ്രസ്സിലെ പതിവ് ശൈലിയിൽ നിന്നും മാറി പ്രസംഗിക്കാനുള്ളവർ മാത്രം ഊഴമനുസരിച്ച് വേദിയിലെത്തുന്ന രീതിയിലായിരുന്നു സമ്മേളന വേദിയൊരുക്കിയത്. പ്രമേയങ്ങൾക്കും പ്രസംഗങ്ങൾക്കുമിടയിൽ വിഷൻ 2020, സാമൂഹ്യ നീതി, മാധ്യമ വിചാരം എന്നീ വിഷയങ്ങളിൽ അവഗാഹമുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ പാനൽ ചർച്ചകളും സമ്മേളനത്തിൽ പങ്കെടുത്തവർക്ക് വിജ്ഞാനം പകർന്ന പുതിയ അനുഭവമായിരുന്നു. താനുൾപ്പടെയുള്ളവർ പരമ്പരാഗത രാഷ്ട്രീയ ശീലങ്ങളിൽനിന്നും മാറാൻ സമയമായെന്നുള്ള പ്രഖ്യാപനമായിരുന്നു ഒരർത്ഥത്തിൽ 84 മത് പ്ലീനറി സമ്മേളനം.
ആറു മാസത്തിനകം ഇനി വരാൻ പോകുന്നത് പുതിയ കോൺഗ്രസ്സാണെന്ന കാര്യം ജനുവരി 8 ന് രാഹുൽ ഗാന്ധി ബഹ്‌റൈൻ സന്ദർശിച്ചപ്പോൾ പ്രഖ്യാപിക്കുകയുണ്ടായി. സദസ്സുമായി സംവദിക്കാൻ തയ്യാറായ രാഹുൽ ഗാന്ധിയോട് ഈ ലേഖകൻ ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തരമായി രാഹുൽ ഗാന്ധി അന്നു നടത്തിയ പ്രഖ്യാപനം ഇന്ത്യക്കകത്തും പുറത്തും വാർത്താമാധ്യമങ്ങളിലുൾപ്പടെ വലിയ ജിജ്ഞാസയും കൗതുകവും ഉയർത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ വാക്കുകൾ ശരിവെക്കും വിധം നൂതനമായ മാറ്റങ്ങളാണ് കോൺഗ്രസ്സിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
കോൺഗ്രസ്സിൽ പതിവ് രീതികളും പരമ്പരാഗത ശൈലികളും മാറുകയാണ്.സംഘടനാ രംഗത്തും കാതലായ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അസംഘടിത തൊഴിൽ മേഖലയിലും പ്രൊഫഷനൽ രംഗത്തും, ഗോത്ര വിഭാഗങ്ങൾക്കിടയിലും മൽസ്യതൊഴിലാളി മേഖലയിലും വിദേശ ഇന്ത്യക്കാർക്കിടയിലുമെല്ലാം പ്രവർത്തനം കാര്യക്ഷമമാക്കുവാൻ ദേശീയതലത്തിൽ പോഷക സംഘടനകൾ നിലവിൽ വന്നു കഴിഞ്ഞു.
മെയ് 12 ന് ഇലക്ഷൻ നടക്കുന്ന കർണ്ണാടകയിലും നവംബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലുമെല്ലാം നവീനമായ പരിഷ്‌കാരങ്ങളാണ് രാഹുൽ ഗാന്ധി നടപ്പിലാക്കിയിരിക്കുന്നത്. ബൂത്ത് തലങ്ങൾ തൊട്ട് പ്രവർത്തകരുമായി രാഹുൽ ഗാന്ധി ടെലിഫോണിലൂടെ നേരിട്ട് ബന്ധം സ്ഥാപിച്ച് അവരിൽനിന്നും വിവരങ്ങൾ ആരായുന്ന തരത്തിൽ പാർട്ടിയുടെ താഴക്കിടയിലുള്ള പ്രവർത്തനങ്ങൾ വരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. അടുത്തു തന്നെ ഇത് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ബൂത്ത് തല പ്രവർത്തകരുമായി യാതൊരു മുന്നറിയിപ്പുമില്ലാതെ രാഹുൽ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടൽ പ്രവർത്തകരിൽ ആവേശം ഇളക്കിവിടാനും പ്രവർത്തനങ്ങളിൽ ഊർജ്ജസ്വലത കൈവരാനും കാരണമായിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് പാർട്ടിയുടെ സാധാരണ പ്രവർത്തകർക്ക് കോൺഗ്രസ്സിന്റെ അഖിലേന്ത്യാ പ്രസിഡണ്ടുമായി ഈ വിധം നേരിട്ട് സംവദിക്കാൻ അവസരം ലഭിക്കുന്നത്.
ബൂത്തു തലങ്ങളിലുള്ള പ്രവർത്തകർക്ക് അവരുടെ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ സന്ദേശമായി അയച്ച് കൊടുത്തുകൊണ്ട് പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനങ്ങൾ കർണ്ണാടക,രാജസ്ഥാൻ തുടങ്ങി പല സംസ്ഥാനങ്ങളിലും ഇതിനോടകം നിലവിൽ വന്നു. പാർട്ടി സംവിധാനത്തിൽ പുതുതായി നിലവിൽ വന്ന വിവര ശേഖര അപഗ്രഥന വിഭാഗത്തിന്റെ മേധാവി പ്രവീൺ ചക്രവർത്തിയാണ്. കോൺഗ്രസ്സിനകത്ത് ബൂത്തുതലം തൊട്ട് പരിഷ്‌കരണ നടപടികൾ സ്വീകരിച്ച് കൊണ്ട് അത് മേൽത്തട്ടിലേക്ക് കൂടി വ്യാപിപ്പിക്കുന്ന വിധം ദ്രുതഗതിയിലാണു രാഹുൽ ഗാന്ധി പാർട്ടിക്കകത്ത് മാറ്റങ്ങൾ കൊണ്ട് വരുന്നത്. രാജ്യസഭാംഗമായ രാജീവ് ഗൗഡയുടെ നേതൃത്വത്തിൽ 15 ഓളം യുവനിരയുടെ കീഴിൽ ഒരു ഗവേഷണ വിഭാഗത്തെയും രാഹുൽ ഗാന്ധി പാർട്ടിക്കകത്ത് സജീവമാക്കി നിർത്തിയിട്ടുണ്ട്. ഇതേ മാതൃകയിൽ എല്ലാ സംസ്ഥാനങ്ങളിലും അധികം താമസിയാതെ ഈ സംവിധാനം നിലവിൽ വരും. നേതൃതലത്തിലുള്ളവർക്കും പാർട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗത്തിനുമെല്ലാം സജീവ പരിഗണനയർഹിക്കുന്ന വിഷയങ്ങളെക്കുറിച്ചും മറ്റും വിവരങ്ങൾ കൈമാറുന്നത് ഈ ഗവേഷണ വിഭാഗമായിരിക്കും.
കോൺഗ്രസ്സിന്റെ സാമൂഹ്യ മാധ്യമ വിഭാഗത്തെ നയിക്കുന്ന ദിവ്യ സ്പന്ദനയുടെ കീഴിലുള്ള സൈബർ പ്രവർത്തനം ബിജെപി ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളെ നിഷ്പ്രഭമാക്കിയിരിക്കുകയാണ്. ആക്ഷേപ ഹാസ്യങ്ങളിലൂടെയും കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളിലൂടെയും മോഡി സർക്കാരിന്റെ ഭരണ പരാജയങ്ങൾ തുറന്ന് കാട്ടുന്ന ദിവ്യ സ്പന്ദനയുടെയും സഹപ്രവർത്തകരുടെയും പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. ദിവ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ്സിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടൽ ബി ജെ പി യുടെ വ്യാജ പ്രചാരണങ്ങളെ തുറന്ന് കാട്ടാനും കോൺഗ്രസ്സ് നേതൃത്വത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാനും ഏറെ സഹായകമായി മാറിയിട്ടുണ്ട്. ഇവരുടെ പ്രവർത്തന മികവ് കർണ്ണാടക തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വൻ മുന്നേറ്റം നടത്താൻ കോൺഗ്രസ്സിനെ ഒട്ടേറെ സഹായിച്ചിട്ടുണ്ട്.
രാഷ്ട്രീയ തന്ത്രങ്ങൾ മെനയാനും അവ നടപ്പിലാക്കാനും പാർട്ടിക്കകത്ത് സുശക്തമായ വിദഗ്ധ സമിതിയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ ഗാന്ധി പ്രത്യേകം താൽപര്യമെടുത്ത് നടപ്പിലാക്കിയ കർമ്മ പദ്ധതികൾ അടുത്ത കാലത്തായി കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിൽ ഒരു ചലന ശക്തി സൃഷ്ടിച്ചിട്ടുണ്ട്. കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ കോൺഗ്രസ്സ് കൈവരിച്ച സംവേഗ ശക്തി രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് പടർത്തി വിടാൻ സാധിച്ചാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ 2019 പുതിയ ദിശാ മാറ്റങ്ങൾക്ക് നാന്ദി കുറിക്കും.