കണ്ണൂര്‍- എസ്ഡിപിഐയുടെ കൊടിയാണെന്ന് കരുതി പോര്‍ച്ചുഗല്‍ ടീമിന്റെ പതാക വലിച്ചു കീറിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ഏലാങ്കോട് ദീപകിനെതിരെ പാനൂര്‍ പോലീസാണ് കേസെടുത്തത്. പൊതു ശല്യം ഉണ്ടാക്കിയതിന് കേരള പോലീസ് ആക്റ്റ് പ്രകാരമാണ് കേസ്.
വൈദ്യര്‍ പീടിക ടൗണില്‍ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍ ചെറിയ പിവിസി പൈപ്പുകളില്‍ കെട്ടി സ്ഥാപിച്ചിരുന്ന പോര്‍ച്ചുഗല്‍ പതാകകളാണ് ഇയാള്‍ നശിപ്പിച്ചത്. പോര്‍ച്ചുഗല്‍ ആരാധകര്‍ സ്ഥലത്തെത്തുമ്പോഴേക്കും പകുതിയോളം പതാകകളും നശിപ്പിച്ചിരുന്നു. എസ്.ഡി.പി.ഐയുടേതാണെന്ന് കരുതിയാണ് നശിപ്പിച്ചതെന്ന് ഇയാള്‍ പറഞ്ഞത്. ഇയാള്‍ പോര്‍ച്ചുഗലിന്റെ പതാക വലിച്ച് കീറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
പോര്‍ച്ചുഗല്‍ ആരാധാകര്‍ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് പരിക്കേറ്റയാള്‍ എന്ന പേരില്‍ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.