തിരുവനന്തപുരം - കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ വിവാദ പ്രസ്താവനയിൽ മുസ്‌ലിം ലീഗിന്റെ ആശങ്കയിൽ തെറ്റില്ലെന്നും പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്നും ഒഴിയാമെന്ന് ആരെയും അദ്ദേഹം അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് കത്ത് അയച്ചെന്ന ആരോപണത്തോടാണ് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസ് അനുകൂല പരാമർശം നാക്കുപിഴയാണെന്ന് സുധാകരൻ തന്നെ വ്യക്തമാക്കിയതിനാൽ, ഇനി അതിൽ വിവാദം വേണ്ടതില്ല. സുധാകരൻ കറതീർന്ന മതേതരവാദിയാണ്. അതിന് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇതേ അഭിപ്രായമാണെന്നും ഭിന്നിപ്പിന് ആരും ശ്രമിക്കേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
അതിനിടെ, കൊച്ചിയിൽ നാളെ രാവിലെ 10.30ന് ചേരാനിരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി. കെ സുധാകരൻ ചികിത്സയിലായതിനാലാണ് മാറ്റിവെച്ചതെന്നാണ് വിശദീകരണം