തിരുവനന്തപുരം- നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയുടെ സഹായം തേടി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇന്ത്യയില്‍നിന്ന് 500 നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ എത്ര സമയമെടുക്കുമെന്ന് അറിയിക്കാന്‍ എംബസി വഴി കുവൈത്ത് നോര്‍ക്കയോട് അഭ്യര്‍ത്ഥിച്ചു.
ഒരു മാസത്തെ സമയമാണ് നോര്‍ക്ക ആവശ്യപ്പെട്ടത്. നോര്‍ക്ക വഴി റിക്രൂട്ട്മെന്റ് സാധ്യമായാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കിതു വന്‍ നേട്ടമാകും. സ്വകാര്യ ഏജന്‍സികള്‍ വഴിയായിരുന്നു കുവൈത്ത് ഇതുവരെ നഴ്സുമാരെ നിയമിച്ചിരുന്നത്. ഈ ഏജന്‍സികള്‍ വിദേശത്തെ മറ്റു ഏജന്‍സികളുമായി ബന്ധപ്പെട്ടായിരിക്കും റിക്രൂട്ട്മെന്റ് നടത്തുക. ഈ പ്രക്രിയയില്‍ ഉദ്യോഗാര്‍ത്ഥിക്കു ലക്ഷക്കണക്കിനു രൂപ മുടക്കേണ്ടി വന്നിരുന്നു. അതേസമയം നോര്‍ക്ക വെറും 20,000 രൂപ സര്‍വീസ് ചാര്‍ജ് മാത്രമെ ഈടാക്കൂവെന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ നേട്ടമാകും.
ഇന്ത്യയില്‍ നിന്ന് നഴസുമാരുടെ നേരിട്ടുള്ള റിക്രൂട്ട്മെന്റ് സംബന്ധിച്ച് കഴിഞ്ഞ മാസം നോര്‍ക്ക കുവൈത്ത് ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് ഇന്ത്യന്‍ സ്ഥാനപതിയും കുവൈത്ത് ആരോഗ്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയും നടന്നു. തുടര്‍ന്നാണിപ്പോള്‍ കുവൈത്ത് നോര്‍ക്കയെ ബന്ധപ്പെട്ടിരിക്കുന്നത്.