റിയാദ്- സൗദി അറേബ്യയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള എല്ലാ ഗാര്‍ഹിക തൊഴിലാളികളും തൊഴില്‍ കരാര്‍ രേഖപ്പെടുത്തണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്‌ഫോം ആവശ്യപ്പെട്ടു. ഇതുവരെ സൗദി അറേബ്യയിലേക്ക് പുതിയ വിസയിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ മാത്രമായിരുന്നു തൊഴില്‍ കരാര്‍ മുസാനിദ് മുഖേന രേഖപ്പെടുത്തേണ്ടിയിരുന്നത്. സൗദിയിലെ എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമാണിത്.
എല്ലാ തൊഴിലുടമകളും തങ്ങളുടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കാലാവധിയുള്ള തൊഴില്‍ കരാര്‍ ഉണ്ടോയെന്ന് മുസാനിദ് വഴി പരിശോധിക്കണമെന്നും ഇല്ലെങ്കില്‍ കരാര്‍ രേഖപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണിതെന്നും മന്ത്രാലയം വിശദീകരിച്ചു.
തൊഴില്‍ കാലാവധി, ശമ്പളം, ഉത്തരവാദിത്വങ്ങള്‍, അവധി എന്നിവയെല്ലാം കരാറില്‍ ഉള്‍പ്പെടുത്തണം. തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും റിക്രൂട്ട്‌മെന്റ് മേഖല സുതാര്യമാക്കുന്നതിനും തൊഴില്‍ കരാര്‍ മുഖ്യപങ്ക് വഹിക്കുമെന്നും മന്ത്രാലയം പറഞ്ഞു.