റിയാദ് - ആറു വര്‍ഷത്തിനിടെ സൗദിയില്‍ വനിതാ സാമ്പത്തിക പങ്കാളിത്തം ഇരട്ടിയിലേറെയായി ഉയര്‍ന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാഹ്ജി പറഞ്ഞു. പത്താമത് റിയാദ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി നൂതന തൊഴില്‍ ശൈലികളെ കുറിച്ച് സംഘടിപ്പിച്ച സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാനവശേഷി, സാമൂഹിക വികസന മന്ത്രി. വിഷന്‍ 2030 പദ്ധതി പ്രഖ്യാപിക്കുന്നതിനു മുമ്പ് വനിതകളുടെ സാമ്പത്തിക പങ്കാളിത്തം 17.7 ശതമാനമായിരുന്നു. ഇപ്പോഴിത് 35.6 ശതമാനമായിട്ടുണ്ട്.
സ്വകാര്യ മേഖലയില്‍ 22 ലക്ഷത്തിലേറെ സ്വദേശികള്‍ ജോലി ചെയ്യുന്നു. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. ഈ വര്‍ഷാവസാനത്തിനു മുമ്പായി 11 സൗദിവല്‍ക്കരണ തീരുമാനങ്ങള്‍ കൂടി പ്രഖ്യാപിക്കാന്‍ മന്ത്രാലയം ലക്ഷ്യമിടുന്നു. 98 ശതമാനം സ്വകാര്യ കമ്പനികള്‍ സൗദിവല്‍ക്കരണ തീരുമാനങ്ങളും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ തീരുമാനങ്ങളും പൂര്‍ണമായും പാലിക്കുന്നു. വേതന സുരക്ഷാ പദ്ധതി 80 ശതമാനം സ്ഥാപനങ്ങള്‍ കൃത്യമായി പാലിക്കുന്നു. 30 ലക്ഷത്തിലേറെ ഉപയോക്താക്കള്‍ക്കും പത്തു ലക്ഷത്തിലേറെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം സേവനങ്ങള്‍ നല്‍കുന്നു.
പതിമൂന്നു വിഭാഗങ്ങളില്‍ പെട്ട 225 തൊഴിലുകളില്‍ 18.5 ലക്ഷം ഫ്രീലാന്‍സിംഗ് ഡോക്യുമെന്റുകള്‍ മന്ത്രാലയം ഇതിനകം അനുവദിച്ചിട്ടുണ്ട്. ഫ്രീലാന്‍സിംഗ് ഡോക്യുമെന്റുകള്‍ നേടിയവരില്‍ 60 ശതമാനവും വനിതകളാണ്. 2,70,000 ഫഌക്‌സിബിള്‍ തൊഴില്‍ കരാറുകളും മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. ഇവ നേടിയതില്‍ 70 ശതമാനം പുരുഷന്മാരാണ്. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പദ്ധതികളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തി ഡിസ്റ്റന്‍സ് രീതിയില്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ക്ക് 90,000 തൊഴില്‍ കരാറുകളും അനുവദിച്ചിട്ടുണ്ട്. വിദൂര രീതിയില്‍ ജോലി ചെയ്യുന്നവരില്‍ 85 ശതമാനവും വനിതകളാണെന്നും എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു.