കൊല്ലം- തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ കൊല്ലത്ത് തെലങ്കാന പോലീസിന്റെ പരിശോധന. കൂറുമാറ്റാന്‍ ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി എം.എല്‍.എമാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. സംസ്ഥാനത്ത് എത്തിയ അന്വേഷണ സംഘം രണ്ടു സംഘങ്ങളായി കൊച്ചിയിലും കൊല്ലത്തും തുടരുകയാണ്.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നേരിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉന്നയിച്ചത്. അതിനാല്‍ ആരോപണത്തെ ഗൗരവമായാണ് പ്രത്യേക അന്വേഷണസംഘം കാണുന്നത്. തുഷാര്‍ വെള്ളാപ്പള്ളി കേസില്‍ എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വിശദമായി തന്നെ അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
കേസിലെ മുഖ്യപ്രതി സതീഷ് ശര്‍മ്മയെന്ന രാമചന്ദ്രഭാരതിയാണ്. ഇയാള്‍ കാസര്‍കോട്ടുകാരനായ മലയാളിയാണ്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാള്‍ ദല്‍ഹിയും ഉത്തര്‍പ്രദേശും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജഗ്ഗുസ്വാമി എന്നയാള്‍ രാമചന്ദ്രഭാരതിയുടെ അടുത്ത സുഹൃത്താണ്. ഇയാളെ അന്വേഷിച്ചാണ് തെലങ്കാന പോലീസിന്റെ അന്വേഷണസംഘം കേരളത്തില്‍ എത്തിയത്. എന്നാല്‍, പ്രത്യേക അന്വേഷണസംഘം കേരളത്തില്‍ എത്തിയതിന് പിന്നാലെ ജഗ്ഗുസ്വാമി ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനാണ് കൊല്ലത്തും കൊച്ചിയിലും പരിശോധന നടത്തിയത്. ജഗ്ഗുസ്വാമിയുമായി പരിചയമുള്ളവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല.
അതേസമയം, കേസുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസ് തന്നെ സമീപിച്ചിട്ടില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്. പോലീസ് തനിക്ക് ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല. എം.എല്‍.എമാരെ കൂറുമാറ്റാനുള്ള നീക്കത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് തുഷാര്‍ വ്യക്തമാക്കുന്നു. എന്നാല്‍, രാമചന്ദ്രഭാരതിയെ തനിക്ക് അറിയാമെന്നും തുഷാര്‍ പറഞ്ഞു.