വിനിമയ നിരക്ക് കുറയുന്നു, നാട്ടിൽ വിലക്കയറ്റത്തിന് സാധ്യത
മുംബൈ/ജിദ്ദ- എണ്ണ വിലയിലെ കുതിച്ചുകയറ്റവും വിദേശ ഓഹരി വിപണിയിൽനിന്നു വിദേശ ധനകാര്യ സ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപം വിറ്റൊഴിച്ചതും രൂപയുടെ നില പരുങ്ങലിലാക്കി. കുത്തനെ മൂല്യമിടിഞ്ഞ രൂപ ഇന്നലെ ഡോളറിനെതിരെ 67.27 എന്ന നിലവാരത്തിലേക്ക് താഴ്ന്നു. ഇങ്ങനെ പോയാൽ അധികം വൈകാതെ ഒരു ഡോളറിന് 70 രൂപ എന്ന നിലയിലെത്തുമെന്നാണ് സാമ്പത്തിക വൃത്തങ്ങൾ നൽകുന്ന സൂചന.
രൂപയുടെ വിലയിടിവ് നാട്ടിൽ പണപ്പെരുപ്പത്തിനും അതുവഴി വിലക്കയറ്റത്തിനും ഇടയാക്കുമെങ്കിലും വിനിമയ നിരക്കിലെ ഇടിവ് പ്രവാസികൾക്ക് ആശ്വാസകരമാണ്. ജിദ്ദ അൽ റാജ്ഹിയിൽ ഇന്നലെ ഒരു റിയാലിന് 17.63 രൂപയായിരുന്നു വിനിമയ നിരക്ക്.
കയറ്റുമതിക്കാരാണ് മൂല്യത്തകർച്ചയിൽ സന്തോഷിക്കുന്ന മറ്റൊരു കൂട്ടർ. വിദേശത്തേക്ക് കയറ്റി അയക്കുന്ന ഐ.ടി സേവനങ്ങൾ, മരുന്നുകൾ തുടങ്ങിയവക്ക് മികച്ച വില ലഭിക്കാൻ ഇത് ഇടയാക്കും.
അസംസ്‌കൃത എണ്ണ വില കുതിക്കുകയും ഡോളർ ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ രൂപ ഇനിയും ദുർബലമാകാനാണ് സാധ്യത. 2017 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ ഇപ്പോൾ വ്യാപാരം നടത്തുന്നത്. ഇന്നലെ 26 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്.
ഓഹരി വിപണിയിൽനിന്നു വിദേശ ധനസ്ഥാപനങ്ങൾ പിൻവലിയുന്നതും രൂപക്ക് വലിയ ആഘാതമാണ്. ഏപ്രിലിൽ മാത്രം 15,500 കോടി രൂപ വിപണിയിൽനിന്നു പിൻവലിക്കപ്പെട്ടു. ഇക്കൊല്ലം ഇതുവരെ രൂപയുടെ മൂല്യത്തിൽ 5.1 ശതമാനം ഇടിവുണ്ടായി. ലോക കറൻസികളിൽ ഏറ്റവും വേഗത്തിൽ തകർച്ച നേരിടുന്നത് രൂപയാണെന്ന് സാമ്പത്തിക നിരീക്ഷകർ പറയുന്നു.
ഇറക്കുമതിച്ചെലവു കൂടുന്നതാണ് രൂപയുടെ മൂല്യത്തകർച്ച വരുത്തുന്ന പ്രധാന ആഘാതം. ഇറക്കുമതിയെ ആശ്രയിക്കുന്ന വ്യവസായവും കച്ചവടവും പ്രതിസന്ധിയിലാകും. ഇറക്കുമതി ചെയ്ത ഘടകങ്ങൾ കൊണ്ടു നിർമിക്കുന്ന കംപ്യൂട്ടറുകൾ അടക്കമുള്ള സാധനങ്ങളുടെ വിലയും വലിയ തോതിൽ കൂടും. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവ് (കറന്റ് അക്കൗണ്ട് കമ്മി) കൂടുന്നത് വളർച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കും. പെട്രോൾ, ഡീസൽ വിലകൾ ഇനിയും കുതിക്കാൻ ഇതു വഴിയൊരുക്കും. ഉയർന്ന ഇന്ധന വില ചരക്കുനീക്കത്തിന്റെ ചെലവു കൂട്ടും. പച്ചക്കറികളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റമാണ് ഇതിന്റെ ഫലം. വിദേശ രാജ്യങ്ങളിലേക്ക് പഠനാവശ്യത്തിനായും വിനോദത്തിനായുമുള്ള യാത്രകൾക്കും ചെലവേറും.