Sorry, you need to enable JavaScript to visit this website.

വെളുക്കാൻ തേച്ചതും 'പെരുന്ന'മരവും

'വെളുക്കാൻ തേച്ചതു പാണ്ടായി' എന്നു പറയേണ്ടിവരുമോ? ഇടിയും മിന്നലും വർഷവും ഒഡീഷയിലെ ചുഴലിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവുമൊക്കെ കണ്ടും കേട്ടും ശീലിച്ചുപോയി. പക്ഷേ, 'ഇനി വിദഗ്ധർ ആകും സർവകലാശാല ചാൻസലർ' എന്നു കേട്ടു ഭയക്കാത്തവരില്ല. ആറു സർവകലാശാലകളിലെ പൊതുവായ ചാൻസലർ വരും. ഏതു ഗുസ്തിക്കാരനെയാണ് സർക്കാർ കണ്ടുവെച്ചിരിക്കുന്നത്? ചുമതലകളുടെ അമിതഭാരം നിമിത്തം ഗവർണർമാർക്കു കഴുത്തിനും പിടലിക്കും താങ്ങാനാകാത്ത വേദനയുണ്ട് എന്നാണ് ജസ്റ്റിസ് പൂഞ്ചി കമ്മീഷൻ കണ്ടുപിടിച്ചത്. നന്നായി, നമ്മുടെ സംസ്ഥാനത്താണെങ്കിൽ മുൻകാല ഗവർണേഴ്‌സ് പലരും ആയുർവേദ ചികിത്സക്കു പോകാനുള്ള കാരണം തന്നെ ജോലി ഭാരമാണ്. ഇതിനേക്കാൾ ഭേദം ഏതെങ്കിുലം വക്കീലോഫീസിലെ ഗുമസ്തപ്പണിയായിരുന്നു എന്ന് ഏതോ മുൻ ഗവർണർ ആത്മഗതം നടത്തിയതായും അത് അൽപം ഉറക്കെ ആയതിനാൽ നാടു മൊത്തം 'വൈറൽ' ആയതായും കേൾക്കുന്നുണ്ട്. ഇന്നത്തെ ഗവർണറാകട്ടെ, ജോലി ഭാരം സഹിക്കാതെ പത്രസമ്മേളനം നടത്തി മനസ്സിനെ ശുദ്ധമാക്കുന്നു. മാധ്യമക്കാരെ കാണുമ്പോൾ അദ്ദേഹം 'പാൻപരാഗ്' ചവയ്ക്കുന്ന എന്നൊരു യുവ സഖാവ് കമന്റിട്ടതു കാര്യമാക്കണ്ട. എഴുപതു കഴിഞ്ഞവർ പലതും ചവച്ചരച്ചെന്നു വരും. 'ടെൻഷൻ' സഹിക്കാതെ വരുമ്പോൾ ഖാൻജി ദില്ലി വഴി യു.പിയിലേക്കു കടക്കുന്നു. പിന്നെ സംഘ്പരിവാരങ്ങളുടെ ക്യാമ്പിൽ കായിക - ബൗദ്ധിക ചികിത്സയാണ്. യു.പിയിൽ അവശേഷിക്കുന്ന ഒന്നോ രണ്ടോ സഖാക്കൾ വഴി ചാരവശാൽ വിവരം അറിഞ്ഞതോടെ എ.കെ.ജി സെന്റർ ഉണർന്നു. അതിനർഥം മേയർ കത്തെഴുതിയെന്നു കേട്ടപ്പോൾ ഉറക്കമായിരുന്നു എന്നല്ല. ഇനിയുള്ള ഗവർണർമാർക്കെങ്കിലും സ്വസ്ഥമായ ഉറക്കം പ്രദാനം ചെയ്യണം. അതിനാൽ ചാൻസലർ പദവി എടുത്തുമാറ്റാനും ഗവർണർ തന്നെ വേണം. കള്ളനെ താക്കോൽ ഏൽപിക്കുന്നതു പോലൊരു വൈരുധ്യാത്മക സംഘർഷ പ്രക്ഷാളനം! (പ്രയോഗം കടന്നു പോയോ?).
ആരോഗ്യ കാർഷിക ഫിഷറീസ് ടെക്‌നിക്കൽ യൂനിവേഴ്‌സിറ്റികളാണ് ഭാഗ്യം ചെയ്തവർ. അവർക്കു അതാതു മേഖലകളിൽ നിന്നു പണ്ഡിത ചാൻസലറന്മാരെയും സ്വർഗ രാജ്യവും ലഭിക്കും. ഏറ്റവുമധിം തവണ 'മിസ്റ്റർ കേരള'യോ മിസ് കേരളയോ പട്ടം നേടിയവർക്ക് ഇതൊരു സുവർണാവസരം.


ആരോഗ്യ സർവകലാശാല അവർക്കുള്ളതാകുന്നു. ശാസ്ത്ര സാങ്കേതിക കലാശാലക്ക് കഴിഞ്ഞ കാലം വരെ ഇടിഞ്ഞു താഴ്ന്ന ഹൈവേയോ പാലമോ കൈകാര്യം ചെയ്തിരുന്ന എൻജിനീയർമാരിൽനിന്നു തന്നെയാകാം നിയമനം. കേരള, എം.ജി യൂനിവേഴ്‌സിറ്റികളിൽ പൂജ്യം മാർക്ക് മുതൽക്കു നേടിയവരുടെ സേവനം ഗുണം ചെയ്യും. മാർക്ക് ദാനത്തിന്റെ മഹനീയത വെളിപ്പെടുത്തി പുറത്തു പോയ മുൻ മന്ത്രിമാർ പണിയില്ലാതെ അലയുകയാണ്. സർക്കാരിന് അവരെ കാത്തുരക്ഷിക്കേണ്ട കടമയുണ്ട്; ഇനിയും നാലു കൊല്ലത്തിനകം തെരഞ്ഞെടുപ്പുണ്ടാകും. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശലകളിൽ മലയാള ഭാഷ ഒഴിവാക്കി നിയമിക്കാം. ഏറ്റവും ഒടുവിൽ കിട്ടിയ വിവരത്തിൽ 49 ലിപികളേയുള്ളൂ. എഴുത്തച്ഛന്റെ  51 ൽനിന്നും വിദ്യാർഥി സംഘടനകളുടെ സൗകര്യാർഥമാണെന്നു തോന്നുന്നു രണ്ടെണ്ണം കുറച്ചിട്ടുണ്ട്. 
പ്രായപരിധി എത്ര കുറയ്ക്കാമോ അത്രയു നന്നാകും. 72 കഴിഞ്ഞ കേരള ഗവർണർ എന്തൊക്കെയാണ് കാട്ടുന്നത്? അദ്ദേഹം ഗൃഹപാഠം ചെയ്തു പഠിച്ച കൂട്ടത്തിലല്ലെന്നു തോന്നുന്നു. ഈയിടെയായി ബില്ലും ഫയലുമൊന്നും ഒപ്പിടുന്ന കക്ഷിയല്ല. മേശപ്പുറത്തെത്തിയ പേപ്പർ മടക്കി അയക്കാൻ വകുപ്പുണ്ട്. പക്ഷേ അതിനു താഴെയുള്ള വകുപ്പു കൂടി വായിക്കേണ്ടതാണ്. രണ്ടു തവണ കഴിഞ്ഞും പേപ്പർ വന്നെത്തിയാൽ ഒപ്പിടുകയല്ലാതെ വേറെ വഴിയില്ല. രാജ്ഭവന്റെ പിന്നിൽ വേറെ പുതിയ വഴിയൊന്നും ആരും തുറന്നു കണ്ടതായും പറയുന്നില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു ബിന്ദുവോളം ചുരുങ്ങി, വിനയപൂർവമാണ് അഭിപ്രായപ്പെട്ടത്, ആ ഓർഡിനൻസിൽ ഒപ്പിടുന്നതല്ലേ നല്ലത് എന്ന്! ഇനിയെല്ലാം ഖാൻജിയുടെ കോർട്ടിൽ!


****                           ****                           ****

ഈ കൊച്ചേട്ടൻ പാർട്ടി അത്ര ചില്ലറയൊന്നുമല്ല. 'പണ്ടേ ദുർബല, പോരാഞ്ഞിട്ടു ഗർഭിണിയും' എന്നു നാട്ടുകാർ ഐക്യണ്ട്യേന അംഗീകരിച്ച ആനവണ്ടി  കോർപറേഷന് കാനം സഖാവ് പിന്തുണ പ്രഖ്യാപിക്കുമ്പോൾ അതിൽ ഞെട്ടിപ്പോകാൻ കാര്യമുണ്ടാകണം. സ്വന്തം പാർട്ടിയുടെ ശരീരഘടനയാണ് ആനവണ്ടിയുടേതും. ഒക്കെ ശരി. പക്ഷേ ഇവിടെ 'പ്രശ്‌നം ഗുരുതരം' എന്നു മുഷിയാതെ പറയാം. കോർപറേഷനും മൊത്തം പൊതുമേഖലക്കും എതിരാണ് ചെയർമാൻ കം മാനേജിംഗ് ഡയറക്ടർ ആയ ബിജു പ്രഭാകരൻ എന്നത്രേ കാനത്തിന്റെ ഗവേഷണത്തിന്റെ ഫലം. അതിനാൽ മേൽപടിയാൻ സർക്കാർ വിരുദ്ധനാണ്; അച്ചടക്ക ലംഘനം നടത്തിയിരുന്നു. ആ തസ്തികയിൽ തുടരാൻ പാടില്ല, ഇക്കാര്യം സർക്കാരിനെ അറിയിക്കും എന്ന് ഒറ്റശ്വാസത്തിൽ കാനം സഖാവ് മാധ്യമങ്ങളോട് പ്രസ്താവിച്ചു കഴിഞ്ഞു. വെടിവെക്കാൻ ഉണ്ട വേണമെന്നില്ലല്ലോ.
1965 ഏപ്രിൽ ഫൂൾ ദിനത്തിൽ പിറന്ന ആനവണ്ടി കോർപറേഷന് ജന്മനാ തന്നെ ആസ്തമയുടെ വലിവുണ്ടായിരുന്നു. വർഷം തോറും ബജറ്റ് അവതരണത്തലേന്ന് ധനമന്ത്രി മന്ദിര മുറ്റത്ത് എം.ഡി, ചെയർമാൻ, മറ്റു ഭൂതഗണങ്ങൾ ഏവരു സംഘം ചേർന്നു കാത്തുകിടക്കുക പതിവായിരുന്നു. മന്ത്രിയുടെ കക്ഷി പ്രീതിക്കായി കീർത്തനങ്ങൾ, ഭജനപ്പാട്ട് ഇത്യാദി മുടങ്ങാതെയും ശ്രദ്ധിച്ചുപോന്നു. മന്ത്രി പ്രസാദിച്ചു വല്ലതും നീട്ടിയെറിയുകയും അത് കൈയെത്തിപ്പിടിച്ചു മടങ്ങുകയുമായിരുന്നു അടുത്ത പരിപാടി. 'ഭിക്ഷ'യെന്ന് അസൂയാലുക്കൾ പറയും. ക്ഷമയുടെ നെല്ലിപ്പലക പിളർന്നു താഴേക്കു വീഴുമെന്നു കണ്ടിട്ടാണ് തച്ചടി പ്രഭാകരന്റെ മകൻ ബിജു പ്രഭാകർ കേന്ദ്രത്തിന്റെ ധനതത്വ നയത്തിൽകയറിപ്പിടിച്ചത്. അതിപ്പോൾ 'പാണ്ടായി'. പന്ത്രണ്ടു മണിക്കൂർ ഡ്യൂട്ടി എന്നു കേട്ടു ബോധം വെടിഞ്ഞ വണ്ടി ജീവനക്കാരുടെ പരാതി കാനത്തിന്റെ കൈയിലിരുന്ന് വിറയ്ക്കുകയാണ്. 

****                                  ****                         ****

ഫലമുള്ള വൃക്ഷം കണ്ടാൽ ആരും കല്ലെറിയും. കൈയിൽ കിട്ടിയതും കൊണ്ടു കടക്കുമെന്നല്ലാതെ ആരും മരത്തിനു നന്ദി പറഞ്ഞു കൊണ്ടു കറങ്ങി നടക്കാറില്ല. തെരഞ്ഞെടുപ്പു കാലത്ത് ചെമ്മീൻ മുതലാളിയായാലും മാഫിയ തലവനായാലും പൂജാരിയായാലും മൊല്ലാക്കയായാലും ആരാധ്യനായി മാറും. നേതാക്കൾ കാത്തു കിടക്കും, അനുകൂലമായൊരു മൊഴിക്കും പണക്കിഴിക്കുമായി. അതറിയാത്ത ശുദ്ധന്മാരുമുണ്ട്. പെരുന്നയിലെ സുകുമാരൻ നായർ വി.ഡി. സതീശനെ ഇപ്പോൾ വിരട്ടാൻ തുനിഞ്ഞതു കടന്നുപോയി. 'സമുദായക്കാരനല്ലേ ജയിച്ചോട്ടെന്നു കരുതി..... എന്നു തുടങ്ങുന്നു ഭീഷണി. കോഴി കൂവുന്നതുകൊണ്ടാണ് നേരം വെളുക്കുന്നതെന്ന് പാവം സതീശന് അറിയാതെ പോയി. പെരുന്നയിലെ 'മണിച്ചേട്ടൻ' ഒരു മഹാസംഭവമാണെന്ന് ആർക്കുമറിയില്ലെങ്കിലും സുകുമാരൻ നായർക്ക് അറിയാം. അങ്ങോർ നിലക്കണ്ണാടി നോക്കി അക്കാര്യം ഉറപ്പിച്ചിട്ടാണ് പുറത്തിറങ്ങുന്നത്. 'ആണ്ടി വല്യ അടിക്കാരനാണെന്ന് ആണ്ടിക്കല്ലേ അറിയൂ' എന്നൊരു ചൊല്ലുമുണ്ട്.

****                     ****                      ****

1948 ൽ സർ സി.പിക്കെതിരെ ഉയർത്തിയ ഭീഷണിയാണ് ഗവർണർക്കെതിരെ ഇപ്പോൾ എന്നാണ് ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുടെ കണ്ടുപിടിത്തം. ശിവൻ കുട്ടിയോടാണ് കളി.
ദിവാൻ സ്വാമിയെ മറ്റൊരു സ്വാമി വെട്ടിയതിനു സ്മാരക ശില തീർത്ത് സംഗീത അക്കാദമിക്കു മുന്നിലെ റോഡിൽ വെച്ച മുൻ മേയറാണ് ശിവൻകുട്ടി. ബി.ജെ.പിയുടെ നേതാക്കളെല്ലാവരും ഇക്കാര്യത്തിലെങ്കിലും സഖാവിന്റെ മുന്നിൽ സ്ലേറ്റും പെൻസിലുമായി ചെന്നിരുന്നാൽ ചരിത്ര പഠിക്കാം. സഖാവിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ കാര്യമൊന്നും ചോദിക്കാതിരുന്നാൽ സമാധാനമായി പിരിയുകയും ചെയ്യാം- ന്താ?
 


 

Latest News