മദീന - കൈക്കൂലി വാങ്ങുന്നതിനിടെ മദീന പ്രവിശ്യ അപ്പീൽ കോടതി ജഡ്ജിയെ കൈയോടെ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു. മദീന അപ്പീൽ കോടതി ജഡ്ജി ഇബ്രാഹിം ബിൻ അബ്ദുൽ അസീസ് അൽജുഹനി അഞ്ചു ലക്ഷം റിയാൽ കൈക്കൂലി സ്വീകരിക്കുന്നതിനിടെ ആണ് അറസ്റ്റിലായത്. മറ്റൊരു പ്രവിശ്യയിലെ ജനറൽ കോടതിയിൽ നടക്കുന്ന കേസിൽ തനിക്ക് അനുകൂലമായി അന്തിമ വിധി നേടിക്കൊടുക്കുന്നതിന് സൗദി പൗരൻ അപ്പീൽ കോടതി ജഡ്ജിക്ക് 40 ലക്ഷം റിയാൽ കൈക്കൂലി വാഗ്ദാനം ചെയ്യുകയായിരുന്നു.
ഇതിന്റെ ആദ്യ ഗഢുവായ അഞ്ചു ലക്ഷം റിയാൽ കൈപ്പറ്റുന്നതിനിടെയാണ് മദീന അപ്പീൽ കോടതി ജഡ്ജി ഇബ്രാഹിം ബിൻ അബ്ദുൽ അസീസ് അൽജുഹനിയെ ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറസ്റ്റ് ചെയ്തത്. ജഡ്ജിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അതോറിറ്റി പറഞ്ഞു.
മദീന അപ്പീൽ കോടതി ജഡ്ജി ഇബ്രാഹിം ബിൻ അബ്ദുൽ അസീസ് അൽജുഹനി വർഷങ്ങളോളം റിയാദ് ജനറൽ കോടതി ജഡ്ജിയായിരുന്നു. അക്കാലത്ത് റിയാദ് അൽസഹാഫ ഡിസ്ട്രിക്ട് ഇമാം അബ്ദുറഹ്‌മാൻ അൽഫൈസൽ ജുമാമസ്ജിദ് ഇമാമും ഖത്തീബുമായിരുന്നു. 2020 ൽ ആണ് ഇബ്രാഹിം അൽജുഹനി മദീന അപ്പീൽ കോടതി ജഡ്ജിയായി നിയമിതനായത്. ഇതോടൊപ്പം മദീന ഖുബാ മസ്ജിദ് ഇമാമും ഖത്തീബുമായും നിയമിക്കപ്പെട്ടു.