അബുദാബി-യുഎഇയില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് ഇനി 10 വര്‍ഷത്തെ റെസിഡന്‍സി വിസയില്‍ മാതാപിതാക്കളെ കൊണ്ടുവരാം.
യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന ഗോള്‍ഡന്‍ വിസ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.
ഇതുവരെ സാധാരണ റസിഡന്‍സി ഹോള്‍ഡര്‍മാരുടെ കാര്യത്തിലെന്നപോലെ, ഒരു വര്‍ഷത്തേക്ക് മാത്രമേ അവര്‍ക്ക് മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ അനുവദിച്ചിരുന്നുള്ളൂ.
സ്ഥിരം റസിഡന്‍സി വിസ ഹോള്‍ഡര്‍മാര്‍ക്ക് കുറഞ്ഞത് 20,000 ദിര്‍ഹമോ അതില്‍ കൂടുതലോ പ്രതിമാസ ശമ്പളമുണ്ടെങ്കില്‍ അവരുടെ മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയും. ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് ശമ്പള വ്യവസ്ഥ ബാധകമല്ല.
യോഗ്യരായ താമസക്കാര്‍ക്ക് ഇതിനകം ലക്ഷക്കണക്കിന് ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചിട്ടുണ്ട്. യു.എ.ഇ സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ ബിസിനസിന്റെ 100 ശതമാനം ഉടമസ്ഥതയോടെ വിദേശികള്‍ക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ 2019 ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്.
അഞ്ച് വര്‍ഷത്തേക്കും 10 വര്‍ഷത്തേക്കും ഇഷ്യൂ ചെയ്യുന്ന ഈ വിസകള്‍ പുതുക്കുകയും ചെയ്യാം.
നിക്ഷേപകര്‍, സംരംഭകര്‍, അസാമാന്യ പ്രതിഭകള്‍, സാങ്കേതിക വിദ്യയുടെയും വിജ്ഞാനത്തിന്റെയും വിവിധ മേഖലകളിലെ ഗവേഷകര്‍, മിടുക്കരായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.
മാനേജര്‍മാര്‍, സിഇഒമാര്‍, ഗവേഷണം, എഞ്ചിനീയറിംഗ്, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ് മാനേജ്‌മെന്റ്, ടെക്‌നോളജി എന്നിവയിലെ വിദഗ്ധര്‍ എന്നിവര്‍ക്ക് ഇപ്പോള്‍ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്.