താനൂർ- വാട്‌സ്ആപ്പ് ഹർത്താലിനെത്തുടർന്ന് താനൂരിൽ കെ.ആർ ബേക്കറി ഉൾപ്പെടെ തകർക്കുകയും അക്രമങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്ത പ്രധാന പ്രതിയെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ചാപ്പപ്പടി പാണാച്ചിന്റെ പുരക്കൽ അൻസാർ (22) ആണ് അറസ്റ്റിലായത്. സി.പി.എം പ്രവർത്തകനായ അൻസാർ മുമ്പ് മുസ്‌ലിം ലീഗുകാരെ ആക്രമിക്കുകയും അവരുടെ വീടുകളും മത്സ്യബന്ധന ഉപകരണങ്ങളും തകർക്കുകയും ചെയ്ത പത്തോളം കേസുകളിൽ പ്രതിയാണ്.
ഇന്നലെ വൈകുന്നേരം നാലു മണിയോടെ തിരൂർ കെ.ജി പടിയിൽ നിന്ന് എസ്.ഐ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അൻസാറിനെ പിടികൂടിയത്. ബേക്കറി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് അറസ്റ്റ്. കെ.ആർ ബേക്കറിയുടെ പൂട്ട് അടിച്ചു തകർക്കുകയും ബേക്കറിക്കുള്ളിലെ സാധനങ്ങൾ കവർച്ച ചെയ്യുകയും ചെയ്ത 17 അംഗ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്. കൂടാതെ പടക്കക്കട കൊള്ളയടിച്ചതിലും കെ.എസ്.ആർ.ടി.സി ബസ് എറിഞ്ഞു തകർക്കൽ, ബസിന്റെ ബാറ്ററി കടലിൽ കളയൽ, പോലീസ് ജീപ്പ് അടിച്ചു തകർക്കൽ, പോലീസിനെ കല്ലെറിയൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് താനൂർ സി.ഐ അലവി പറഞ്ഞു. 2017ൽ തീരദേശത്ത് നടന്ന നിരവധി അക്രമ സംഭവങ്ങളിലും ഇയാൾക്കെതിരെ കേസുണ്ട്. പരപ്പനങ്ങാടി കേടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അപ്രഖ്യാപിത ഹർത്താൽ: രണ്ടു പേർക്ക് ഒരു കേസിൽ ജാമ്യം
മഞ്ചേരി- സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹർത്താൽ ആഹ്വാനം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ചു പ്രതികളിൽ രണ്ടു പേർക്ക് മഞ്ചേരി പോക്‌സോ സ്‌പെഷൽ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൊല്ലം പുനലൂർ ഉറുകുന്ന് അമൃതാലയത്തിൽ ബൈജുവിന്റെ മകൻ അമർനാഥ് ബൈജു (19), നെയ്യാറ്റിൻകര പഴുതാക്കൽ ഇലങ്ങം റോഡ് രാജശേഖരൻ നായരുടെ മകൻ ഗോകുൽ ശേഖർ (21) എന്നിവർക്കാണ് ജഡ്ജി കെ.പി സുധീർ ജാമ്യം അനുവദിച്ചത്. എല്ലാ ശനി, തിങ്കൾ ദിവസങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്നുമടക്കമുള്ള ഉപാധികൾ വെച്ച കോടതി രണ്ടാൾ വീതമുള്ള ബോണ്ടിൻമേലാണ് ജാമ്യം അനുവദിച്ചത്. മഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കേസിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയായ കുന്നപ്പുഴ നിറക്കകം സിറിൽ നിവാസിൽ മോഹൻദാസിന്റെ മകൻ സിറിലി(20)ന്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. മറ്റു പ്രതികളും തിരുവനന്തപരം സ്വദേശികളുമായ നെല്ലിവിള വെണ്ണിയൂർ കുന്നുവിള അശോകന്റെ മകൻ അഖിൽ (23), വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിള മാമ്പ്രത്തല മേലേപുരക്കൽ സഹദേവന്റെ മകൻ സുധീഷ് (22) എന്നിവർ ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.
പ്രതികൾക്കെതിരെ പാണ്ടിക്കാട്, കാളികാവ്, കൊളത്തൂർ, വഴിക്കടവ്, മങ്കട, കൊല്ലം സിബിസിഐഡി സ്റ്റേഷനുകളിൽ ഒന്നു വീതവും മഞ്ചേരി, വണ്ടൂർ സ്റ്റേഷനുകളിൽ രണ്ടു വീതവും തിരൂരിൽ ആറു കേസും നിലവിലുണ്ട്. ഇപ്പോൾ രണ്ടു പേർക്ക് ഒരു കേസിൽ ജാമ്യം ലഭിച്ചെങ്കിലും 16 കേസുകൾ കൂടി ബാക്കിയുള്ളതിനാൽ ജയിൽ മോചനം സാധ്യമല്ല. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 143, 147, 283, 353, 149, 220, 120 ബി, 228 എ, 170, 23 പോക്‌സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരം ബോധപൂർവമുള്ള കലാപ ശ്രമം, പോക്സോ, പോലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, മാർഗ തടസമുണ്ടാക്കൽ എന്നിവക്കാണ് കേസെടുത്തിട്ടുള്ളത്.