ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാനായി മലയാളിയായ അഡ്വ. ഷംസുദ്ദീൻ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ചെയർമാൻ മുഹമ്മദ് ആസിഫ് റമീസ് ദാവൂദിയുടെ കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. ഭരണ സമിതിയുടെ കാലാവധി അവസാനിക്കാൻ ഇനി ഒരു വർഷം കൂടിയാണുള്ളത്. ഈ കാലയളവിലേക്കാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തിട്ടുള്ളത്. നിലവിലെ ഭരണ സമതിയുടെ ആദ്യ ചെയർമാൻ മലയാളിയായ ഇക്ബാൽ പൊക്കുന്നായിരുന്നു. സ്‌കൂൾ നിരീക്ഷകനും ഡെപ്യൂട്ടി കോൺസൽ ജനറലുമായ മുഹമ്മദ് ശാഹിദ് ആലത്തിന്റെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
മലപ്പുറം അരീക്കോട് വടശ്ശേരി സ്വദേശിയായ ഷംസുദ്ദീൻ കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽനിന്ന് നിയമ ബിരുദമെടുത്ത ശേഷം മഞ്ചേരി കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കേയാണ് 15 വർഷം മുൻപ് ജിദ്ദയിലെത്തിയത്. അസ്‌കോ മൊബീൽ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ സഫിയ. നഷീദ (ദുബായ്), ഡാനിഷ്, ഫാത്തിമ നിദ, നിഷാദ് എന്നിവർ മക്കളാണ്.