കൊച്ചി - കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല വിവാദ പരാമർശത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സുധാകരന്റെ മനസ്സ് ബി.ജെ.പിക്ക് ഒപ്പമാണെന്നും എന്നാൽ കെ.പി.സി.സി പ്രസിഡന്റിനെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്നില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
സുധാകരനെ പോലെ സമാന ചിന്താഗതിക്കാർ കോൺഗ്രസിൽ ഒരുപാടുണ്ട്. പക്ഷേ, അവർ അരക്ഷിതരാണ്. ഇവിടെ ഓഫറുകളൊന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമെങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്നു. കോൺഗ്രസിന് വേറെ ഓപ്ഷൻ ഇല്ലെന്നും ജനങ്ങൾ അവരെ കൈയൊഴിയുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. അതിനിടെ, കെ സുധാകരനെ ചാരി ലീഗ് ഇടതു മുന്നണിയിലേക്ക് പോകാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ലീഗ് കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ എന്തിനാണ് അഭിപ്രായം പറയുന്നതെന്നും ലീഗ് ആണോ കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.