കാസർകോഡ്/കോഴിക്കോട് - കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ വിവാദ ആർ.എസ്.എസ് പ്രസ്താവനയിൽ കടുത്ത പ്രതിഷേധമുണ്ടെങ്കിലും മുസ്‌ലിം ലീഗ് യു.ഡി.എഫ് വിടുന്ന പ്രശ്‌നമില്ലെന്ന് മുൻ മന്ത്രിയും ലീഗിന്റെ ഉന്നതാധികാര സമിതി അംഗവുമായ ഡോ. എം.കെ.മുനീർ.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ല. ലീഗ് യു.ഡി.എഫ് വിടുമെന്നത് സി.പി.എമ്മിന്റെ നടക്കാത്ത സ്വപ്‌നമാണന്നും നാളെ പാണക്കാട് ചേരുന്ന ലീഗ് നേതൃയോഗം വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുധാകരന്റെ പ്രസ്താവനയിലുള്ള അതൃപ്തി യു.ഡി.എഫിനെ അറിയിച്ചിട്ടുണ്ടെന്നും ആലോചിച്ച് മറുപടി പറയാമെന്ന് അറിയിച്ചതായും പറഞ്ഞു. വിവാദ പ്രസ്താവനയിൽ സുധാകരൻ ഇന്നലെ രാത്രി ഖേദം പ്രകടിപ്പിച്ച് വിശദീകരണ കുറിപ്പ് പുറത്തിറക്കിതോടെ വിവാദത്തിന്റെ ചൂട് കുറഞ്ഞെങ്കിലും വിഷയത്തിന്റെ മർമ്മം ഉപേക്ഷിക്കാൻ ആരും തയ്യാറല്ല. പ്രത്യേകിച്ചും വളരെ ഉത്തരവാദപ്പെട്ട ഒരു പദവിയിലുള്ള ഒരാൾ കടുത്ത രാഷ്ട്രീയ അവിവേകമാണ് എഴുന്നള്ളിക്കുന്നതെന്നും ഇത് തിരുത്താത്ത പക്ഷം പാർട്ടിക്കും മുന്നണിക്കുമത് വലിയ പരുക്കുകളുണ്ടാക്കുമെന്നും ഇവർ ഓർമിപ്പിക്കുന്നു. വൈകിയെങ്കിലും സുധാകരൻ കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിച്ചത് നന്നായെങ്കിലും അദ്ദേഹമുണ്ടാക്കിയ രാഷ്ട്രീയ പുകിലുകൾ പാർട്ടി നയത്തിന് വിരുദ്ധവും അനവസരത്തിലുമായെന്ന ശക്തമായ അഭിപ്രായമാണ് പലർക്കുമുള്ളത്. സുധാകരന്റെ പ്രസ്താവന ഒരേസമയം ഹൈക്കമാൻഡിനെയും കേരളത്തിലെ പാർട്ടിയെയും മുന്നണി സംവിധാനത്തെയും സമ്മർദ്ദത്തിലാക്കുന്നതാണെന്നും ഇവർ നിരീക്ഷിക്കുന്നു.
അതിനിടെ, പാർട്ടി വിടാൻ അവസരം കാത്തിരുന്ന കെ.പി.സി.സിയുടെ മുൻ വൈസ് പ്രസിഡന്റും ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ കൂടിയായിരുന്ന അഡ്വ. സി.കെ ശ്രീധരൻ സുധാകരന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായി രംഗത്തുവന്നു. കോൺഗ്രസ് പാർട്ടിക്ക് അപചയം സംഭവിച്ചുവെന്നും കെ സുധാകരന്റെ ആർ.എസ്.എസ് അനുകൂല നിലപാട് ലജ്ജാകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ കോൺഗ്രസ് നേതൃത്വം പല വിഷയങ്ങളിലും സ്വീകരിക്കുന്ന നിലപാടുകളോടുള്ള വിയോജിപ്പാണ് സി.പി.എമ്മിൽ ചേരാൻ പ്രേരിപ്പിക്കുന്നതെന്നും 17ന് പാർട്ടി വിടാനുള്ള തീരുമാനം കാസർക്കോട്ട് വാർത്താസമ്മേളനത്തിലൂടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. 19ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി സി.പി.എമ്മിന്റെ ഭാഗമാകുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവരും വ്യക്തമാക്കി.