Sorry, you need to enable JavaScript to visit this website.

വാക്കുപിഴയിൽ അതീവദുഃഖം; സംഘപരിവാറാണ് ഒന്നാമത്തെ ശത്രു, കോൺഗ്രസുകാരനായി മരിക്കുമെന്നും കെ സുധാകരൻ

- പഴയകാല ഓർമപ്പെടുത്തലുകളെ തന്റെ രാഷ്ട്രീയമായി കാണരുതെന്നും ഗാന്ധിജിയെ കൊന്ന പ്രത്യയ ശാസ്ത്രത്തോട് മരണം വരെ പോരാടുമെന്നും കെ.പി.സി.സി പ്രസിഡന്റ്
    
കോഴിക്കോട് - ജവഹർലാൽ നെഹ്‌റു വർഗീയ ഫാസിസത്തോട് സന്ധി ചെയ്തുവെന്ന വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച്, വിശദീകരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. നെഹ്‌റുവിന്റെ ജനാധിപത്യ ബോധത്തെ ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചതെങ്കിലും തനിക്ക് വാക്കുപിഴ പറ്റി. ഇത് കോൺഗ്രസിനെയും യു.ഡി.എഫിനെയും സ്‌നേഹിക്കുന്നവർക്കുണ്ടാക്കിയ വേദനയിൽ അതീവ ദുഃഖമുണ്ടെന്നും ഗാന്ധിജിയെ വധിച്ച പ്രത്യയ ശാസ്ത്രത്തോട് മരണം വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രസ്താവനയുടെ വിശദമായ രൂപം ഇങ്ങനെ:
 കണ്ണൂർ ഡിസിസി നടത്തിയ നവോത്ഥാന സദസിൽ ആധുനിക ഇന്ത്യയുടെ ശില്പ്പിയും പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയർത്തിക്കാട്ടാനാണ് താൻ പ്രസംഗത്തിലൂടെ ശ്രമിച്ചത്. എതിർ ശബ്ദങ്ങളെപ്പോലും കേൾക്കാനും പരിഗണിക്കാനുമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സഹിഷ്ണുതയെ ആഴത്തിൽ പരാമർശിക്കാനുമാണ് ശ്രമിച്ചത്. 
  ഭാരതീയ ജനസംഘം സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖർജിയെയും കോൺഗ്രസിനോടും നെഹ്‌റുവിനോടും രാഷ്ട്രീയമായി വിയോജിച്ചിരുന്ന ബി ആർ അംബേദ്കറേയും പ്രഥമ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് ഓർമിപ്പിച്ചിരുന്നു. പ്രതിപക്ഷമില്ലാത്ത പാർല്ലമെന്റിന്റെ പ്രവർത്തനം ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന തിരിച്ചറിവിൽ കേവലം 16 അംഗങ്ങൾ മാത്രമുള്ള, മതിയായ അംഗസംഖ്യ പോലുമില്ലാത്ത സിപിഐ നേതാവായ എ കെ ഗോപാലന് പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്തതും അതേ പ്രസംഗത്തിൽ തന്നെ സൂചിപ്പിച്ചിരുന്നു.
നെഹ്‌റുവിന്റെ ഉയർന്ന ജനാധിപത്യബോധത്തിന്റെ ചരിത്രത്താളുകളിൽ ശേഷിക്കുന്ന തെളിവുകളായിട്ടാണ് ഞാനതിനെ വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ ഫാസിസ്റ്റു മുഖത്തിന് നേരെ ജനാധിപത്യത്തിന്റെ കണ്ണാടി വെച്ചുകൊടുക്കാൻ വേണ്ടിയാണ് അത്രയും പറഞ്ഞു വെച്ചത്. എതിർ ശബ്ദങ്ങളെപ്പോലും പരിഗണിക്കുകയെന്നത് ജനാധിപത്യത്തിന്റെ ഉയർന്ന മൂല്യമാണെന്ന് ഓർമപ്പെടുത്തുകയാണ് നെഹ്‌റു അനുസ്മരണ പ്രഭാഷണത്തിലൂടെ ചെയ്തതെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു. ഉജ്വലലമായ പോരാട്ടത്തിലൂടെ രാജ്യത്തെ ബ്രിട്ടീഷ് അധിനിവേശത്തിൽനിന്നും സ്വതന്ത്രമാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രഥമ മന്ത്രിസഭയിൽ എല്ലാ കക്ഷികൾക്കും പങ്കാളിത്തമുണ്ടാകണമെന്ന രാഷ്ട്രീയ ബോധമാണ് ഉയർത്തിപ്പിടിച്ചത്.
എന്നാൽ, 1952ലെ പ്രഥമ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന എതിരാളി ശ്യാമപ്രസാദ് മുഖർജിയുടെ ഭാരതീയ ജനസംഘം തന്നെയായിരുന്നു. തെരഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റിൽ മാത്രം അതിനെ തളച്ചിടാനും നെഹ്‌റുവിനും കോണ്ഗ്രസിനും സാധിച്ചു. 1957ലും 1964ലും സംഘപരിവാറിനെ പരാജയപ്പെടുത്തി വിജയമാവർത്തിക്കാൻ നെഹ്‌റുവിനു സാധിച്ചു. ആ തെരെഞ്ഞെടുപ്പുകളിലൊന്നും അവർ രണ്ടാം കക്ഷി പോലുമായിരുന്നില്ല. എന്നാൽ 1977ൽ സംഘപരിവാർ പ്രതിനിധികളായ എ.ബി വാജ്‌പേയിയെയും എൽ.കെ അദ്വാനിയെയും മന്ത്രിമാരാക്കിയത് കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ചേർന്നാണ് എന്ന വസ്തുത നാം മറക്കരുത്. 
വർഗീയ ശക്തികളുമായി ചേർന്ന് ഒരിക്കലും തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കരുതെന്നും എത്ര തെരഞ്ഞെടുപ്പുകൾ പരാജയപ്പെട്ടാലും വർഗീയ ശക്തികളുമായി സന്ധി ചെയ്യരുതെന്നും നെഹ്‌റു ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അതു പൊതുനിലപാടായി സ്വീകരിച്ചു സംഘപരിവാർ ശക്തികളുമായി തെരഞ്ഞെടുപ്പു സഖ്യത്തിലേർപ്പെടാത്ത ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനവും ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. വലിയ ജനാധിപത്യം വിളമ്പുന്ന സിപിഎം പോലും ബിജെപിയുമായും സംഘപരിവാർ ശക്തികളുമായും പലപ്പോഴായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയെന്നത് പരസ്യമായ വസ്തുതയാണ്.
അതിന് ഒടുവിലത്തെ ഉദാഹരണമാണ് ബംഗാളിൽ സഹകരണ സംഘം തെരഞ്ഞെടുപ്പിലെ ബിജെപി-സിപിഎം സഖ്യം. നെഹ്‌റുവിനെ തമസ്‌ക്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോൺഗ്രസ് മുക്ത ഭാരതം പ്രാവർത്തികമാക്കാനും ശ്രമിക്കുന്ന സംഘപരിവാറിനെ ജനാധിപത്യമൂല്യങ്ങൾ ഓർമ്മപ്പെടുത്താനാണ് പ്രസംഗത്തിൽ പഴയകാല ചരിത്രം പരാമർശിച്ചത്. എന്നാൽ, അതിനിടയിലുണ്ടായ വാക്കുപിഴ ഞാൻ മനസിൽപോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് അതിനെ എത്തിച്ചത്. അത് കോൺഗ്രസിനെയും യുഡിഎഫിനെയും എന്നെയും സ്‌നേഹിക്കുന്നവർക്ക് ഇടയിലുണ്ടാക്കിയ വേദനയിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. സംഘപരിവാർ, ഫാസിസ്റ്റ് ശക്തികൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച നെഹ്‌റുവിന്റെ പിന്മുറക്കാരനായ പൊതുപ്രവർത്തകനാണ് താൻ. സംഘപരിവാർ, ഫാസിസ്റ്റ് ശക്തികളെ ഒന്നാമത്തെ ശത്രുവായി കണ്ടുകൊണ്ടുള്ള പൊതുപ്രവർത്തന ശൈലിയാണ് തനിക്കുള്ളത്. എല്ലാ വർഗീയതയെയും ഒരുപോലെ എതിർക്കുക എന്നതാണ് തന്റെയും പാർട്ടിയുടെയും നിലപാട്. അതിന് തനിക്ക് കിട്ടിയ ജനകീയ അംഗീകാരമാണ് തെരഞ്ഞെടുപ്പുകളിലെ വിജയം. തന്നെ സ്‌നേഹിക്കുന്ന നല്ലവരായ ജനാധിപത്യ മതേതര ബോധമുള്ള ആർക്കും തന്റെ നിലപാടുകളെ സംശയത്തോടെ നോക്കി കാണാൻ കഴിയില്ലെന്ന ഉത്തമബോധ്യമുണ്ട്. 
 ഏതെങ്കിലും പഴയകാല ഓർമപ്പെടുത്തലുകളെ തന്റെ രാഷ്ട്രീയമായി കാണരുത്. ഗാന്ധിയെ വധിച്ച പ്രത്യയ ശാസ്ത്രത്തോട് മരണം വരെ പോരാടും എന്നതാണ് രാഷ്ട്രീയം. കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെയും പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും. തനിക്ക് ഒരു മുഖമേയുള്ളുവെന്ന് തന്നെ അറിയുന്നവർക്കറിയാം. കോൺഗ്രസിൽ ജനിച്ച്, കോൺഗ്രസുകാരനായി വളർന്ന്, കോൺഗ്രസുകാരനായി പ്രവർത്തിച്ച്, കോൺഗ്രസുകാരനായി മരിക്കാനാണ് ഇഷ്ടം.

Latest News