കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആര്‍.എസ്.എസ് ശാഖ സംരക്ഷിക്കാന്‍ താന്‍ ആളെ അയച്ചു എന്ന് കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞു. അത് വലിയ കോളിളക്കമുണ്ടാക്കി. പ്രസ്താവന തിരുത്താന്‍ തയാറാകാതെ ഇത്തവണ താനും നെഹ്‌റുവും ഒരുപോലെയാണെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം തുനിഞ്ഞത്. ഹിന്ദു മഹാസഭ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയെ നെഹ്‌റു കാബിനറ്റിലെടുത്തത് സംഘ് പരിവാറുമായി സന്ധി ചെയ്യലായിരുന്നു എന്ന വാദമാണ് സുധാകരന്‍ ഉയര്‍ത്തുന്നത്.
എന്താണിതിന്റെ വാസ്തവം?
ബംഗാളില്‍ സ്വാതന്ത്ര്യത്തിന് മുമ്പുണ്ടായിരുന്ന ഫസലുല്‍ ഹഖ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജി. 1942 ല്‍ ഗാന്ധിജി ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ക്കുകയും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുന്നത് തടയാന്‍ കോണ്‍ഗ്രസുകാരെ കൈകാര്യം ചെയ്യണമെന്ന് ബംഗാള്‍ ഗവര്‍ണര്‍ക്ക് എഴുതുകയും ചെയ്ത മഹാനാണ് അദ്ദേഹം. എന്നാല്‍ ഇത്തരം തുരപ്പന്‍ പണികള്‍ പരാജയപ്പെടുകയും ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുകയും ചെയ്തു. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ജവാഹര്‍ലാല്‍ നെഹ്‌റുവിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു.
ആദ്യത്തെ നെഹ്‌റു മന്ത്രിസഭ വാസ്തവത്തില്‍ ഒരു ദേശീയ സര്‍ക്കാരായിരുന്നു. അതിനാല്‍ തന്നെ വ്യത്യസ്ത ജനവിഭാഗങ്ങളില്‍നിന്നുള്ള സ്വാധീനവും കഴിവുമുള്ള നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ നെഹ്‌റു തീരുമാനിച്ചു.
അങ്ങനെയാണ് മൂന്നു പ്രതിപക്ഷ നേതാക്കള്‍ നെഹ്‌റു മന്ത്രിസഭയില്‍ അംഗങ്ങളാകുന്നത്. പാന്തിക് പാര്‍ട്ടിയിലെ സര്‍ദാര്‍ ബല്‍ദേവ് സിംഗ്, അഖിലേന്ത്യ ഹിന്ദുമഹാസഭയിലെ ശ്യാമപ്രസാദ് മുഖര്‍ജി, ഷെഡ്യൂള്‍ഡ് കാസ്റ്റ് അസോസിയേഷനിലെ ഡോ. ബി.ആര്‍ അംബേദ്കര്‍ എന്നിവരായിരുന്നു അവര്‍.
ബല്‍ദേവ് സിംഗിന് പ്രതിരോധ മന്ത്രിസ്ഥാനമാണ് കിട്ടിയത്. മുഖര്‍ജിക്ക് വ്യവസായം. അംബേദ്കര്‍ക്ക് നിയമം. അദ്ദേഹം പിന്നീട് ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനായി.
ഇന്ത്യ-പാക് വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ പെട്ടുപോയ മുസ്ലിംകളും പാക്കിസ്ഥാനില്‍പെട്ടുപോയ ഹിന്ദുക്കളും വളരെ കഷ്ടപ്പെട്ട ദിനങ്ങളായിരുന്നു അത്. ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സര്‍ക്കാരുകള്‍ ചര്‍ച്ച നടത്തി. പാക് പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാന്‍ ഇന്ത്യ സന്ദര്‍ശിച്ചു. പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തിയതില്‍ പ്രതിഷേധിച്ച് ശ്യാമപ്രസാദ് മുഖര്‍ജി നെഹ്‌റു മന്ത്രിസഭയില്‍നിന്ന് രാജിവെക്കുകയായിരുന്നു.
തന്റെ മന്ത്രിസഭയില്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ ഉള്‍പ്പെടുത്തിയ നെഹ്‌റുവിന്റെ തീരുമാനം വിശാലമനസ്സില്‍നിന്ന് വന്നതായിരുന്നു. കാരണം നമ്മുടെ രാജ്യം രൂപം കൊള്ളുന്നതേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അത് സംഘ് പരിവാറിനോടുള്ള സന്ധി ചെയ്യലായിരുന്നില്ല. അവിടെയാണ് സുധാകരന് തെറ്റിയത്. തീര്‍ച്ചയായും സുധാകരന്റെ ഈപ്രസ്താവന ദേശീയ കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തിലെടുക്കുക തന്നെ ചെയ്യും.