Sorry, you need to enable JavaScript to visit this website.

രഹാനെ നായകൻ, രോഹിത് ഔട്ട്‌

മുംബൈ - അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ അജിൻക്യ രഹാനെ നയിക്കും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ പ്രകടനം തൃപ്തികരമല്ലെന്ന് പറഞ്ഞ് രോഹിത് ശർമയെ തഴഞ്ഞു. വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, ഭുവനേശ്വർകുമാർ എന്നിവർക്ക് വിശ്രമമനുവദിച്ചു. ബി.സി.സി.ഐയുടെ എ പ്ലസ് കരാർ ലഭിച്ചവരിൽ ശിഖർ ധവാൻ മാത്രമാണ് ടീമിലുള്ളത്. കർണാടകയുടെ മലയാളി താരം കരുൺ നായരെ തിരിച്ചുവിളിച്ചു. രോഹിതിന്റെ സ്ഥാനമാണ് കരുണിന് കിട്ടിയത്. കരുണിന് അവസരം നൽകാൻ പറ്റിയ സമയമാണ് ഇതെന്ന് ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് പറഞ്ഞു. 
ജൂൺ 14 ന് ബംഗളൂരുവിലാണ് ടെസ്റ്റ് ആരംഭിക്കുക. അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ ടെസ്റ്റാണ് ഇത്. വേനലിന്റെ മൂർധന്യത്തിലുള്ള ജൂണിൽ ഇന്ത്യയിൽ നടക്കുന്ന പ്രഥമ ടെസ്റ്റായിരിക്കും ഇത്. അഫ്ഗാനിസ്ഥാനിനും അയർലന്റിനും കഴിഞ്ഞ ജൂണിലാണ് ഐ.സി.സി ടെസ്റ്റ് പദവി നൽകിയത്. ഇന്ത്യക്കെതിരെ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന നാലാമത്തെ ടീമാണ് അഫ്ഗാനിസ്ഥാൻ. പാക്കിസ്ഥാൻ, സിംബാബ്‌വെ, ബംഗ്ലാദേശ് ടീമുകളും ഇന്ത്യക്കെതിരെയാണ് അരങ്ങേറിയത്. 
ടെസ്റ്റ് ടീം: രഹാനെ (ക്യാപ്റ്റൻ), ശിഖർ, മുരളി വിജയ്, കെ.എൽ രാഹുൽ, ചേതേശ്വർ പൂജാര, കരുൺ, വൃദ്ധിമാൻ സാഹ, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഹാർദിക് പാണ്ഡ്യ, ഇശാന്ത് ശർമ, ശാർദുൽ താക്കൂർ. 
ജൂലൈയിലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ മുംബൈ മലയാളി ശ്രേയസ് അയ്യരുണ്ട്. ശ്രേയസിനെ പോലെ ഐ.പി.എല്ലിലെ പ്രകടനത്തിന്റെ മികവിൽ അമ്പാട്ടി രായുഡുവും ടീമിൽ തിരിച്ചെത്തി. ഇരുവരും ട്വന്റി20 മത്സരങ്ങൾക്കുള്ള ടീമിലില്ല എന്നതാണ് കൗതുകം. ഐ.പി.എല്ലിലെ പ്രകടനത്തിലൂടെ പെയ്‌സ്ബൗളർ സിദ്ധാർഥ കൗൾ ഏകദിന, ട്വന്റി20 ടീമിൽ സ്ഥാനം പിടിച്ചു. ജൂൺ അവസാനവും ജൂലൈയിലുമായി ഇംഗ്ലണ്ടിനും അയർലന്റിനുമെതിരെയാണ് ഇന്ത്യ അഞ്ച് ട്വന്റി20 കളിക്കുന്നത്. 
ഏകദിന ടീം: കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ, രോഹിത്, രാഹുൽ, ശ്രേയസ്, രായുഡു, എം.എസ്. ധോണി, ദിനേശ് കാർത്തിക്, യുസ്‌വേന്ദ്ര ചഹൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ്, ബുംറ, ഹാർദിക്, സിദ്ധാർഥ്, ഉമേഷ്, ഭുവനേശ്വർ.
ട്വന്റി20 ടീം: കോഹ്‌ലി, ശിഖർ, രോഹിത്, രാഹുൽ, സുരേഷ് റയ്‌ന, മനീഷ് പാണ്ഡെ, ധോണി, ദിനേശ്, ചഹൽ, കുൽദീപ്, വാഷിംഗ്ൺ, ഭുവനേശ്വർ, ബുംറ, ഹാർദിക്, സിദ്ധാർഥ്, ഉമേഷ്. 

 

Latest News