Sorry, you need to enable JavaScript to visit this website.

യുവതിയുടെ ജീവന്‍ രക്ഷിച്ച സൗദി യുവാവിന് യു.എസ് പോലീസ് ആദരം

റിയാദ് - ബന്ദിയുടെ ജീവന്‍ രക്ഷിച്ചതിന് അമേരിക്കന്‍ പോലീസ് തന്നെ ആദരിച്ചതായി അമേരിക്കന്‍ പോലീസില്‍ നാലര വര്‍ഷം സേവനമനുഷ്ഠിച്ച സൗദി യുവാവ് ത്വലാല്‍ അല്‍തൂനിസി വെളിപ്പെടുത്തി. അമേരിക്കന്‍ പോലീസിലെ സേവന കാലത്ത് താന്‍ നേരിട്ട ഏറ്റവും അപകടം പിടിച്ച കേസായിരുന്നു ഇതെന്ന് റോട്ടാനാ ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് ത്വലാല്‍ അല്‍തൂനിസി പറഞ്ഞു. അന്ന് രാത്രി ഷിഫ്റ്റിലായിരുന്നു തനിക്ക് ഡ്യൂട്ടി. ഒരാളുടെ മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയതായി തങ്ങള്‍ക്ക് വിവരം ലഭിച്ചു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ ഫഌറ്റിലേക്കാണ് പ്രതി കൊണ്ടുപോയത്. വിവരം ലഭിച്ചയുടന്‍ ഏതാനും സഹപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പോയി. പ്രദേശം വളഞ്ഞ പോലീസുകാര്‍ക്കു നേരെ പ്രതി നിറയൊഴിച്ചു.
പ്രദേശത്ത് വെടിവെപ്പുള്ളതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചതു പ്രകാരം തങ്ങളും സ്ഥലത്തേക്ക് തിരിച്ചു. ഫഌറ്റ് റെയ്ഡ് ചെയ്യാന്‍ നാലു പേരെ ആവശ്യമാണെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പിന്‍വശത്തെ വാതില്‍ വഴി ഫഌറ്റില്‍ ഇരച്ചുകയറിയ സംഘത്തിന്റെ ഭാഗമായിരുന്നു താന്‍. പ്രതി നിറയൊഴിച്ചതിനാല്‍ ബന്ദിയുടെ ദേഹത്തു നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു. ഓപ്പറേഷനിടെ പ്രതിയെ തനിക്ക് വ്യക്തമായി കാണാന്‍ സാധിക്കുമായിരുന്നു. ഈ സമയത്ത് പ്രതിക്കു നേരെ താന്‍ തോക്ക് ചൂണ്ടിയെങ്കിലും ബന്ദിയുടെ ജീവന്‍ അപകടത്തിലായേക്കുമെന്ന് ഭയന്ന് താന്‍ താന്‍ നിറയൊഴിച്ചില്ല.
ഇതിനിടെ ബന്ദിയെ തള്ളിമാറ്റി ഫഌറ്റിലെ ഒരു മുറിയിലേക്ക് ഓടിക്കയറിയ പ്രതി കൈയില്‍ കത്തിയുമായി വീണ്ടും യുവതിയുടെ സമീപത്ത് ഓടിയെത്തി. യുവതിയെ കഴുത്തറുത്തു കൊല്ലാനായിരുന്നു പ്രതിയുടെ പദ്ധതി. ഈ സമയത്ത് തന്റെ സഹപ്രവര്‍ത്തകര്‍ പ്രതിക്കു നേരെ നിറയൊഴിച്ചു. വെടിയേറ്റ് ദേഹത്തു നിന്ന് രക്തമൊലിച്ചു കൊണ്ടിരുന്ന യുവതിക്ക് താന്‍ പ്രാഥമികശുശ്രൂഷകള്‍ നല്‍കുകയും രക്തസ്രാവം തടയുകയും ചെയ്തു. പിന്നീട് ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലേക്ക് നീക്കി. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ബന്ദിയുടെ ജീവന്‍ രക്ഷിച്ചതിന്റെ പേരില്‍ രണ്ടു മാസത്തിനു ശേഷം അമേരിക്കന്‍ പോലീസ് തന്നെ ആദരിക്കുകയായിരുന്നു.
അമേരിക്കന്‍ പോലീസില്‍ ഫുള്‍ടൈം ആയി ജോലി ചെയ്തിരുന്ന തനിക്ക് 22,000 ഓളം സൗദി റിയാലിന് തുല്യമായ ആറായിരം ഡോളറാണ് വേതനം ലഭിച്ചിരുന്നത്. നിത്യജീവിതത്തിന് ഈ വേതനം പര്യാപ്തമായിരുന്നു. ചിലപ്പോള്‍ ചിലര്‍ക്ക് കടങ്ങളുണ്ടാകും. താന്‍ ജോലി ചെയ്തിരുന്ന പോലീസ് സ്റ്റേഷനിലും അഴിമതിക്കാരായ ഉദ്യോഗസ്ഥരുണ്ടായിരുന്നു. 25 വര്‍ഷമായി പോലീസില്‍ സേവനമനുഷ്ഠിച്ചുവന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി അതിര്‍ത്തികളില്‍ കള്ളക്കടത്തുകാരെയും മനുഷ്യക്കടത്തുകാരെയും സഹായിച്ചിരുന്നു. ബിരുദ പഠനത്തിന്റെ അവസാന വര്‍ഷം 2017 ല്‍ ആണ് പ്രത്യേകം തെരഞ്ഞെടുത്ത 75 പേരുടെ കൂട്ടത്തില്‍ താനും അമേരിക്കന്‍ പോലീസില്‍ ചേര്‍ന്നത്. നാലര വര്‍ഷമാണ് താന്‍ അമേരിക്കന്‍ പോലീസില്‍ സേവനമനുഷ്ഠിച്ചതെന്നും ത്വലാല്‍ അല്‍തൂനിസി പറഞ്ഞു.

 

 

Latest News