തിരുവനന്തപുരം-ജീവിത ദുരിതത്താല്‍ പൊറുതി മുട്ടുന്ന മലയാളിയുടെ ചെലവുകള്‍ കുത്തനെ കൂട്ടി പാല്‍ വിലയും വര്‍ധിപ്പിക്കുന്നു. പാല്‍ വില കൂട്ടുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണിയാണ് അറിയിച്ചത്.. എത്ര രൂപ കൂട്ടണമെന്ന് മില്‍മയുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. ഒരു അഭിമുഖത്തിലാണ് ജെ ചിഞ്ചുറാണി ഇക്കാര്യം വ്യക്തമാക്കിയത്.
പാല്‍ വില കൂട്ടാന്‍ നാളെ സര്‍ക്കാരിന് മില്‍മ ശുപാര്‍ശ നല്‍കും. ലിറ്ററിന് 8.57 രൂപ കൂട്ടാനാണ് ശുപാര്‍ശ നല്‍കുന്നത്. ഈ മാസം 21ന് അകം വില വര്‍ദ്ധന പ്രാബല്യത്തില്‍ വരുത്തണമെന്നാണ് മില്‍മയുടെ അവശ്യം.
ലിറ്ററിന് ഏഴുമുതല്‍ എട്ടുരൂപവരെ വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ കമ്മിഷനും മറ്റുംകഴിഞ്ഞ് ആറുരൂപയെങ്കിലും കര്‍ഷകന് ലഭിക്കൂ എന്നാണ് സമിതിയുടെ വിലയിരുത്തല്‍. കഴിഞ്ഞതവണ പാല്‍വില കൂട്ടിയെങ്കിലും കമ്മിഷന്‍ കഴിഞ്ഞ് മൂന്നുരൂപ 66 പൈസ മാത്രമേ ലഭിച്ചിരുന്നുള്ളുവെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടിരുന്നു. നാലുരൂപയാണ് ഏറ്റവും ഒടുവിലായി മില്‍മ കൂട്ടിയത്.
കേരളത്തിലെ പാല്‍ ഉത്പാദനത്തിന്റെ ചെലവും മറ്റും പഠിക്കുന്നതിന് വെറ്ററിനറി സര്‍വ്വകലാശാലയിലെയും കാര്‍ഷിക സര്‍വ്വകലാശാലയിലെയും വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചിരുന്നു. പഠനറിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് ഉചിതമായി വില കൂട്ടണമെന്ന് കേരള ക്ഷീര വിപണന ഫെഡറേഷന്റെയും മേഖലായൂണിയനുകളുടെയും ചെയര്‍മാന്‍മാരും മാനേജിംഗ് ഡയറക്ടര്‍മാരും അടങ്ങുന്ന പ്രോഗ്രാമിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തതായി മില്‍മ ചെയര്‍മാന്‍ അറിയിച്ചിരുന്നു.
എന്നാല്‍ തമിഴുനാട്, കര്‍ണാടക പോലുള്ള അയലത്തെ വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇപ്പോള്‍ തന്നെ കൂടിയ നിരക്കാണ്. ഇത് പാലിന്റെ മാത്രം കാര്യമല്ല. തമിഴുനാട്ടില്‍ അഞ്ച് രൂപ നല്‍കിയാല്‍ പത്ത് കിലോ മീറ്റര്‍ ബസില്‍ യാത്ര ചെയ്യാം. കേരളത്തില്‍ മൂന്ന് കിലോ മീറ്ററിന് 13 രൂപ മുതലാണ് റേറ്റ്. യുവജന സംഘടനകള്‍ മൗനികളായതും പ്രതിപക്ഷത്തിന് തിരക്കേറിയതിനാലും എല്ലാ വിധത്തിലുള്ള ചൂഷണങ്ങള്‍ക്കും വിധേയരവാനാണ് മലയാളിയുടെ വിധി.