ഇതുവരെ എത്തിയത് 54 ലക്ഷം തീർഥാടകർ
ജിദ്ദ - വിശുദ്ധ റമദാനിൽ മക്കയിലും മദീനയിലും ഉംറ തീർഥാടകർക്കും സന്ദർശകർക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനും ഇതിനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകി. വിശുദ്ധ റമദാൻ പ്രമാണിച്ച് ഹറമിലും മസ്ജിദുന്നബവിയിലും എത്തുന്ന തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് വിവിധ വകുപ്പുകൾ സ്വീകരിച്ച തയാറെടുപ്പുകളെ കുറിച്ച റിപ്പോർട്ടുകൾ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. തീർഥാടകരുടെയും സന്ദർശകരുടെയും സാന്നിധ്യമുള്ള ഇരു ഹറമുകളിലും മക്കയിലും മദീനയിലും മിഖാത്തുകളിലും തീർഥാടകർ കടന്നുപോകുന്ന റോഡുകളിലും എയർപോർട്ടുകളിലും തുറമുഖങ്ങളിലും ഏറ്റവും മുന്തിയ സേവനങ്ങൾ നൽകുന്നതിന് എല്ലാവിധ ഒരുക്കങ്ങളും നടത്തുന്നതിന് തീവ്രശ്രമം നടത്തണമെന്ന് രാജാവ് നിർദേശിച്ചു.
അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ ചെറുക്കുന്നതിന് ശ്രമങ്ങളും നിലപാടുകളും ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രിസഭാ യോഗം പ്രത്യേകം എടുത്തുപറഞ്ഞു. പോളിസാരിയോ ഫ്രന്റ് പ്രവർത്തകർക്ക് സൈനിക പരിശീലനം നൽകി മൊറോക്കൊയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകളെ മന്ത്രിസഭാ യോഗം അപലപിച്ചു. മൊറോക്കൊക്ക് ഒപ്പം സൗദി അറേബ്യ നിലയുറപ്പിക്കുമെന്നും ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത് അടക്കം രാജ്യരക്ഷയും സുരക്ഷാ ഭദ്രതയും സംരക്ഷിക്കുന്നതിന് മൊറോക്കൊ സ്വീകരിക്കുന്ന മുഴുവൻ നടപടികളെയും പൂർണമായും പിന്തുണക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി. ദേശീയ പരിസ്ഥിതി തന്ത്രം മന്ത്രിസഭ അംഗീകരിച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രി സമർപ്പിച്ച റിപ്പോർട്ടും സാമ്പത്തിക, വികസന സമിതി തയാറാക്കിയ ശുപാർശകളും പരിശോധിച്ചാണ് ദേശീയ പരിസ്ഥിതി തന്ത്രം മന്ത്രിസഭ അംഗീകരിച്ചത്.
അതേസമയം, റമദാനിൽ ഉംറ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് വിവിധ വകുപ്പുകൾ നടത്തിയ ഒരുക്കങ്ങൾ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ വിലയിരുത്തി. തീർഥാടകരെ സേവിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മക്കയിൽ ഗവർണറേറ്റ് ഓഫീസിൽ ചേർന്ന സെൻട്രൽ ഹജ് കമ്മിറ്റി യോഗത്തിൽ ഗവർണർ ആവശ്യപ്പെട്ടു. ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം കഴിഞ്ഞ ഞായറാഴ്ച വരെ വിദേശങ്ങളിൽ നിന്ന് 54 ലക്ഷത്തിലേറെ തീർഥാടകർ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എത്തിയ തീർഥാടകരെ അപേക്ഷിച്ച് ഈ കൊല്ലം 1,95,000 തീർഥാടകർ അധികം എത്തിയിട്ടുണ്ട്. മക്കയിലെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിന് 1,314 ഹോട്ടലുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ആകെ പത്തു ലക്ഷത്തിലേറെ കട്ടിലുകളുണ്ട്. ദിവസേന കാൽ ലക്ഷം സർവീസുകൾ നടത്തുന്നതിന് ശേഷിയുള്ള 82 ട്രാൻസ്‌പോർട്ടേഷൻ കമ്പനികളും ഉംറ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് പ്രവർത്തിക്കുന്നുണ്ട്.
ഉംറ സർവീസ് മേഖലയിൽ 295 കമ്പനികൾ പ്രവർത്തിക്കുന്നു. ഈ കമ്പനികളിൽ 7,900 ലേറെ സൗദികൾ ജോലി ചെയ്യുന്നതായും സെൻട്രൽ ഹജ് കമ്മിറ്റി വ്യക്തമാക്കി. റമദാനിൽ ഹറമിലേക്കും തിരിച്ചും നടത്തുന്ന ബസ് ഷട്ടിൽ സർവീസുകളിൽ നാലു കോടി പേരെ ലക്ഷ്യമിടുന്നു. ഷട്ടിൽ സർവീസുകൾക്ക് രണ്ടായിരം ബസുകൾ പ്രവർത്തിപ്പിക്കും. ഇതിലൂടെ കാറുകളുടെ 80 ലക്ഷത്തിലേറെ സർവീസുകൾ ലാഭിക്കുന്നതിന് സാധിക്കുമെന്നും സെൻട്രൽ ഹജ് കമ്മിറ്റി പറഞ്ഞു.