Sorry, you need to enable JavaScript to visit this website.

വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം: ഫീസ് 2,250 റിയാൽ

ജിദ്ദ - കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിക്കു കീഴിലെ വിമൻസ് ഡ്രൈവിംഗ് സ്‌കൂളിൽ ഡ്രൈവിംഗ് പരിശീലനത്തിനുള്ള ഫീസ് ആയി 2,250 റിയാലായി നിശ്ചയിച്ചതായി ഡ്രൈവിംഗ് സ്‌കൂൾ സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല സബ്താൻ അറിയിച്ചു. ശവ്വാൽ പത്തു (ജൂൺ 24) മുതൽ സൗദിയിൽ വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽവരും. ഇതിന് മുന്നോടിയായാണ് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിയിൽ വിമൻസ് ഡ്രൈവിംഗ് സ്‌കൂൾ സ്ഥാപിച്ചിരിക്കുന്നത്. 
ഡ്രൈവിംഗ് പരിശീലനം നേടുന്നതിന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി വിമൻസ് ഡ്രൈവിംഗ് സ്‌കൂളിനെ ഇതിനകം സമീപിച്ചവരുടെ എണ്ണം ഡോ. അബ്ദുല്ല സബ്താൻ വെളിപ്പെടുത്തിയില്ല. ഒരു വർഷത്തിനുള്ളിൽ 18,000 വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകുമെന്നും വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകുന്നതിന് 120 പരിശീലകരെ നിയമിക്കുമെന്നും ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി നേരത്തെ അറിയിച്ചിരുന്നു. വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകുന്നതിന് യൂനിവേഴ്‌സിറ്റി കോംപൗണ്ടിൽ മൂന്നു മൈതാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ മൈതാനങ്ങൾ സജ്ജീകരിക്കുമെന്നും യൂനിവേഴ്‌സിറ്റി അറിയിച്ചു. 
റിയാദ്, ജിദ്ദ, ദമാം, മദീന, തബൂക്ക് എന്നിവിടങ്ങളിൽ അഞ്ചു വിമൻസ് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് ട്രാഫിക് ഡയറക്ടറേറ്റ് ഇതിനകം ലൈസൻസ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിലെ യൂനിവേഴ്‌സിറ്റികളുമായി സഹകരിച്ചാണ് ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ ചില സ്‌കൂളുകൾ ഡ്രൈവിംഗ് പരിശീലനാർഥികളെ സ്വീകരിക്കുന്നുണ്ട്. മറ്റേതാനും നഗരങ്ങളിൽ ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുന്നതിനുള്ള അപേക്ഷകൾ പഠിച്ചുവരികയാണ്. ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കുന്ന വനിതകൾക്ക് ലൈസൻസുകൾ വിതരണം ചെയ്യുന്നതിനുള്ള തയാറെടുപ്പുകളും ട്രാഫിക് ഡയറക്ടറേറ്റ് പൂർത്തിയാക്കിയിട്ടുണ്ടെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. 
വിദേശ, അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുകൾ മാറ്റി സൗദി ലൈസൻസ് നേടാൻ ആഗ്രഹിക്കുന്നവർക്കായി 21 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. റിയാദ്, ദമാം, അൽഹസ, ജുബൈൽ, ബുറൈദ, ഉനൈസ, ഹായിൽ, തബൂക്ക്, ജിദ്ദ, തായിഫ്, മക്ക, മദീന, അബഹ, അറാർ, ജിസാൻ, നജ്‌റാൻ, അൽബാഹ, ഖുറയ്യാത്ത്, സകാക്ക എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങളുള്ളത്. ഡ്രൈവിംഗ് ലൈസൻസുകൾ ഒറിജിനലാണെന്നും അപേക്ഷകർക്ക് ഡ്രൈവിംഗ് വശമാണെന്നും ഉറപ്പുവരുത്തിയാണ് ലൈസൻസ് മാറ്റി നൽകുക. 
ഡ്രൈവിംഗ് വശമുള്ളവർ ആറു മണിക്കൂറും അല്ലാത്തവർ പരമാവധി മുപ്പതു മണിക്കൂറുമാണ് ഡ്രൈവിംഗ് പരിശീലനം നേടേണ്ടതെന്ന് ഭേദഗതി ചെയ്ത ട്രാഫിക് നിയമാവലി അനുശാസിക്കുന്നു. എത്ര വേഗത്തിൽ ഡ്രൈവിംഗ് വശമാക്കുന്നോ അതിനനുസരിച്ച് പരിശീലനം നേടേണ്ട സമയത്തിൽ കുറവുണ്ടാകും. സൗദിയിൽ ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിക്കുന്നതിന് ആദ്യമായാണ് യൂനിവേഴ്‌സിറ്റികൾക്ക് ലൈസൻസ് നൽകുന്നത്. ട്രാഫിക് ഡയറക്ടറേറ്റ് അംഗീകരിച്ച പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ഡ്രൈവിംഗ് സ്‌കൂളുകളാണ് യൂനിവേഴ്‌സിറ്റികൾ ഒരുക്കിയിരിക്കുന്നത്. യൂനിവേഴ്‌സിറ്റികൾ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കുന്നത് പഠനത്തെ ബാധിക്കാത്ത നിലക്ക് ഡ്രൈവിംഗ് പരിശീലിക്കുന്നത് വിദ്യാർഥിനികൾക്ക് എളുപ്പമാകും.
 

Latest News