Sorry, you need to enable JavaScript to visit this website.

കാക്കിക്കുള്ളിൽ വീണ്ടും ക്രിമിനൽ! സഹോദരിമാരെ പീഡിപ്പിച്ചു; കോഴിക്കോട്ട് പോലീസ് ഓഫീസർക്കെതിരെ പോക്‌സോ

കോഴിക്കോട് - പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ചതിന് സിവിൽ പോലീസ് ഓഫീസർക്കെതിരെ പോക്‌സോ കേസ്. കോഴിക്കോട് കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെതിരെയാണ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. കുട്ടികളുടെ അമ്മയാണ് പരാതി നൽകിയത്. പരാതിക്കാരുടെ രഹസ്യ മൊഴിയെടുത്ത ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് അറിയിച്ചു. 
 രണ്ടുവർഷത്തിനിടെ പോലീസുകാരൻ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇവരുടെ അമ്മയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മറ്റൊരു കേസും ഇയാൾക്കെതിരെ എടുത്തിട്ടുണ്ട്. കോഴിക്കോട് കൂരാച്ചുണ്ട് പോലീസാണ് കേസെടുത്തത്. 
 തൃക്കാക്കര കൂട്ടബലാത്സംഗക്കേസിനും അമ്പലവയൽ പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിനും പിന്നാലെയാണ് പോലീസ് സംവിധാനത്തിന് നാണക്കേടായി പോലീസ് ഓഫീസർക്കെതിരെ പോക്‌സോ കേസ്‌കുടി വന്നിട്ടുള്ളത്. 
 തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പോലീസ് സ്‌റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ സുനുവിനെ ഇന്നലെയാണ് സ്‌റ്റേഷനിൽ വച്ച് പോലീസ് പൊക്കിയത്. വയനാട്ടിൽ പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രേഡ് എ.എസ്.ഐ ടി.ജി ബാബുവിനെ ഇതുവരെയും പിടികൂടാനായിട്ടുമില്ല. കോടഞ്ചേരിയിലെ പോക്‌സോ കേസിലെ പ്രതിയായ പോലീസ് ഓഫീസർ വിനോദ് കുമാറിനെയും പിടികൂടാനായിട്ടില്ല. ഒളിവിലാണെന്നാണ് വിവരം.
 തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ പോലീസ് ചോദ്യം ചെയ്യുന്ന സി.ഐ സുനു ബലാത്സംഗം ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാളെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജറാക്കിയേക്കും. കേസിൽ ഏഴ് പ്രതികളാണുള്ളത്. ഇതിൽ അഞ്ചുപേർ കസ്റ്റഡിയിലാണ്. കണ്ടാലറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാനുണ്ട്. പരാതിക്കാരിയായ തൃക്കാക്കരയിലെ യുവതിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സി.ഐ സുനു മൂന്നാം പ്രതിയാണ്. 

Latest News